കലാസ്വാദകർക്ക് സിനിമയുടെ ഒരു പുത്തൻ ലോകം തുറന്ന് തന്ന സംവിധായകൻ പ്രിയനന്ദനൻ ഒരുക്കുന്ന പുതിയ സിനിമ വരുന്നു. ‘പാതിരാകാലം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നന്മ അന്വേഷിച്ചുളള യാത്രയുടെ കഥയാണ് പറയുന്നത്. ‘സാൾട്ട് ആന്റ് പെപ്പർ’ എന്ന ചിത്രത്തിലൂടെ ഏവരുടെയും പ്രിയങ്കരിയായ മൈഥിലിയാണ് പാതിരാകാലത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചെറിയൊരിടവേളയ്‌ക്ക് ശേഷം മൈഥിലി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. നായികാ പ്രാധാന്യമുളള സിനിമയാണ് പാതിരാകാലമെന്ന് സംവിധായകൻ പ്രിയനന്ദനൻ പറയുന്നു. പുതുമുഖങ്ങളാണ് ബാക്കിയുളള വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

priyanandannan

മണ്ണ്, ജലം, സ്വാതന്ത്ര്യം എന്നീ വിഷയങ്ങളിലൂന്നീ കൊണ്ട് കൂടിയാണ് പാതിരാകാലം മുന്നോട്ട് പോവുന്നത്. “സമൂഹത്തിലെ നടക്കുന്ന സമരങ്ങൾ ഒരു കാലയളവിന് ശേഷം ചർച്ചയല്ലാതാവുന്നു. അതിന് ശേഷവും സമരം ചെയ്‌തവരുടെ കൂടെ നിന്ന് സഹായിക്കുന്ന മനുഷ്യന്റെ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഒരു മനുഷ്യൻ. എന്നാൽ അയാളെ കാണാതാവുന്നു. അയാളെ അന്വേഷിച്ചുളള മകളുടെ യാത്രയാണീ സിനിമ, നന്മ അന്വേഷിച്ചുളള യാത്ര” പ്രിയനന്ദനൻ സിനിമയെ കുറിച്ച് പറയുന്നു.

പ്രിയനന്ദനന്റെ തന്നെയാണ് കഥ. സിനിമയ്‌ക്ക് തിരക്കഥയൊരുക്കുന്നത് പി.എൻ.ഗോപികൃഷ്‌ണനാണ്. മുരളി മാട്ടുമ്മലാണ് ചിത്രം നിർമ്മിക്കുന്നത്. മെയ് 17ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഓരോ ഗ്രാമത്തിലും സിനിമയെത്തണമെന്നും കലാസമി പ്രവർത്തകരുമായി ചേർന്നുളള ഒരു റിലീസാണ് ഉണ്ടാവുകയെന്നും പ്രിയനന്ദനൻ പറയുന്നു. ചില തിയേറ്ററിലും റിലീസ് ഉണ്ടാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ