സംവിധായകന്‍ പ്രിയനന്ദന്‍ പങ്കെടുക്കാനിരുന്ന പരിപാടിയില്‍ സംഘപരിവാര്‍ പ്രതിഷേധം. ഡല്‍ഹിയിലെ കേരളാ ക്ലബ്ബിലെ സാഹിതീസഖ്യത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു പ്രിയനന്ദനനുമായുള്ള സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നത്. ‘സൈലന്‍സര്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു സംവിധായകന്‍. പ്രിയനന്ദനന്‍ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നറിഞ്ഞെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വേദിക്ക് പുറത്ത് തടിച്ചു കൂടുകയായിരുന്നു.

പരിപാടിയില്‍ ആമുഖ പ്രഭാഷണം തുടങ്ങിയതോടെ സംഘപരിവാറുകാര്‍ നാമജപവും അധിക്ഷേപ മുദ്രാവാക്യങ്ങളും മുഴക്കി. എതിര്‍ അഭിപ്രായം സംവാദത്തില്‍ ഉന്നയിക്കാമെന്നും പ്രിയനന്ദനന്‍ മറുപടി നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല.

Read More: ദേഹത്ത് തൊട്ടുള്ള കളി വേണ്ട: പ്രിയനന്ദനനെ അക്രമിച്ചവര്‍ക്ക് താക്കീതുമായി ഇര്‍ഷാദ് അലി

സംവിധായകനെതിരെ ഇവര്‍ കൊലവിളിയും നടത്തി. പ്രിയനന്ദനനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയ ഇവര്‍ ഫിലിം ഡിവിഷനില്‍ നടക്കാനിരിക്കുന്ന സിനിമാ പ്രദര്‍ശനവും സംവാദവും അലങ്കോലപ്പെടുത്തുമെന്നും വെല്ലുവിളിച്ചു.

ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ അഭിപ്രായ പ്രകടനം ഹിന്ദുവിശ്വാസികളെ മുറിവേല്‍പ്പിച്ചു എന്നതാണ് പ്രതിഷേധത്തിന് കാരണം. തൃശൂരില്‍ പ്രിയനന്ദനന്റെ വീടിന് സമീപത്തു വച്ചും സംവിധായകന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. പ്രിയനന്ദനന് നേരെ ചാണക വെള്ളം ഒഴിച്ച് തലയ്ക്കടിക്കുകയായിരുന്നു ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍.

ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പ്രിയനന്ദനന്‍ ഇട്ട ഫെയ്സ്ബുക്ക് കുറിപ്പ് വലിയ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുകയും ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് പ്രിയനന്ദനന്‍ പിന്‍വലിക്കുകയും ചെയ്തു. പ്രിയനന്ദനന് ഉണ്ടായിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ പ്രിയനന്ദനന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണത്തില്‍ ബിജെപിക്ക് പങ്കില്ലെന്നാണ് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook