ബംഗളൂരു: ആഗസ്റ്റ് 23നാണ് മലയാളികളുടെ പ്രിയ താരം പ്രിയാമണിയും മുസ്തഫാ രാജും തമ്മിലുള്ള വിവാഹം. ബാംഗ്ലൂരിലെ രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടക്കുന്ന ലളിതമായ ഒരു ചടങ്ങിലൂടെയാണ് ഇരുവരും ഒന്നാകുന്നത്.
ഞങ്ങള്‍ രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല. അതുകൊണ്ട് വിവാഹം നേരിട്ട് രജിസ്റ്റര്‍ ഓഫീസില്‍ പോയി ചെയ്യാൻ തീരുമാനിച്ചതെന്ന് പ്രിയാമണി പറയുന്നു. പത്രകുറിപ്പിലൂടെയാണ് പ്രിയ തന്റെ വിവാഹക്കാര്യം അറിയിച്ചത്.
‘എല്ലാം ഭംഗിയായി നടന്നാല്‍ രജിസ്റ്റര്‍ വിവാഹം നടത്താം എന്നത് ഞങ്ങള്‍ രണ്ട് പേരും നേരത്തെ തന്നെ ഒരുമിച്ചെടുത്ത തീരുമാനിച്ച കാര്യമാണ്. അത് തന്നെയാണ് ഏറ്റവും ഉചിതവും. വിവാഹം ബാഗ്ലൂരില്‍ വച്ച് ലളിതമായി നടക്കും. തൊട്ടടുത്ത ദിവസം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിവാഹ സത്കാരം നല്‍കും’ പ്രിയാമണി വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനകം തന്നെ അഭിനയം തുടരും എന്ന് പ്രിയാമണി വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞാല്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് സിനിമകള്‍ കരാറൊപ്പുവച്ചിട്ടുണ്ട് എന്നും പ്രിയ പറഞ്ഞു.
ബിസിനസുകാരനായ മുസ്തഫ രാജുമായി പ്രിയാമണി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. 2016 മെയ് 26നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.