കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ കേരളം കണ്ട മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ എത്തിയ ‘മഹേഷിന്‍റെ പ്രതികാരം’. തീര്‍ത്തും കേരളീയമായ ഒരു പശ്ചാത്തലത്തില്‍, ഇടുക്കിയില്‍ സെറ്റ് ചെയ്ത തനി മലയാളി പടം, മലയാളി നെഞ്ചേറ്റിയ പടം. ഇതിനെയാണ് മലയാളിയായ, മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്‍ തമിഴില്‍ എത്തിക്കുന്നത്. ‘നിമിര്‍’ എന്ന പേരുള്ള ആ ചിത്രം ജനുവരി 26 ന് തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ എത്തി. കേരളത്തില്‍ ചിത്രം ഇന്ന് റിലീസ് ചെയ്തു.
സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്. ‘മഹേഷിന്‍റെ പ്രതികാര’വുമായുള്ള താരതമ്യം തന്നെയാണ് ഇതിനു പ്രധാന കാരണം. ‘നിമിറി’നെക്കുറിച്ചുള്ള അവലോകനം വായിക്കാം, ആശാമീര അയ്യപ്പന്‍ എഴുതിയത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘നിമിറി’ലെ ആദ്യത്തെ ചില രംഗങ്ങള്‍ ദിലീഷ് പോത്തന്‍റെ ‘മഹേഷിന്‍റെ പ്രതികാര’ത്തിലേത് തന്നെയാണ്. മഹേഷ് താന്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതായ ചപ്പല്‍ കഴുകുന്ന രംഗങ്ങള്‍ സമാനമാണ് എങ്കിലും കഴുകി കഴിയുന്നിടത്ത് മുതലാണ് ‘നിമിര്‍’ കൂടുതല്‍ ‘സിനിമാറ്റിക്’ ആകുന്നത്. ഫഹദിലെ മഹേഷ് വെറുതെ ചെരുപ്പെടുത്ത് അലക്ഷ്യമായി കരയില്‍ വെക്കുന്നയിടത്താണ് ഉദനിധി സ്റ്റാലിനിലെ സെല്‍വം വിജയശ്രീലാളിതനായ ഭാവത്തില്‍ ഒരു ട്രോഫി എന്ന പോലെ ചെരുപ്പ് ആകാശത്തെക്കുയര്‍ത്തുന്നത്.
‘മഹേഷിന്‍റെ പ്രതികാര’ത്തില്‍ മഹേഷിനെ പരിചയപ്പെടുത്തിയ ശേഷം വരുന്നത് ‘ഇടുക്കി’ എന്ന ഗാനമാണ്. നിമിറില്‍ വരുന്ന ‘പൂവുക്ക് താപ്പാ ഇരുക്ക്’ എന്ന ഗാനം സമാനമായ രീതിയില്‍ ഒരു നാടിന്‍റെ സംസ്കാരത്തിലേക്കും കാഴ്ചകളിലേക്കും കൊണ്ടു പോകുന്നതാണ്. 80കളില്‍ സ്ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന ഗ്രാമ കാഴ്ച്ചകളിലേക്കാണ് ഈ ഗാനം നമ്മളെ കൊണ്ടെത്തിക്കുന്നത്. എന്നാല്‍ ഡാന്‍സ് രംഗങ്ങള്‍ വരുമ്പോള്‍ ഉപയോഗിച്ച ഇഫക്റ്റുകള്‍ അല്‍പ്പം മുഴച്ചു നില്‍ക്കുന്നുണ്ട്. പാടത്ത് അങ്ങിങ്ങ് നഗ്നപാദരായി നൃത്തം ചെയ്യുന്ന സ്ത്രീകള്‍ അനാവശ്യമായ കൂട്ടിച്ചേര്‍ക്കലായി അനുഭവപ്പെട്ടു. ഇത്തരത്തില്‍ കൈയ്യടി വാങ്ങിക്കുന്നതിനായി ചെയ്ത ചില രംഗങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ‘നിമിറിനെ സത്യസന്ധമായ റീമേക്കിനുള്ള പരിശ്രമമായി കണക്കാക്കാം.
കുറവായി ഒന്നും പറയാനില്ല ‘നിമിറി’ല്‍. എങ്കിലും ‘മഹേഷിന്‍റെ പ്രതികാരത്തി’ലുണ്ടായിരുന്ന നിഷ്കളങ്കതയും സത്യസന്ധതയും എവിടെയൊക്കെയോ ചോര്‍ന്നു പോകുന്നുണ്ട്. ജീവിതഗന്ധിയായ ഒരു സാഹചര്യത്തിന്‍റെ ആവിഷ്കാരമാണ് ‘മഹേഷിന്‍റെ പ്രതികാരത്തി’ലേക്ക് നമ്മളെ അടുപ്പിച്ചത്. ഇനിയെന്താണ് സംഭവിക്കുക എന്ന സൂചനകള്‍ അതിലില്ലായിരുന്നു. നമ്മള്‍ അതിലേക്ക് എത്തിപ്പെടുകയാണ്. എന്നിരുന്നാലും ‘നിമിറി’ല്‍ കഥാപാത്രത്തെ വിശകലനം ചെയ്യാനുള്ളൊരിടം അവശേഷിക്കുന്നുണ്ട്.
കുട്ടിത്തമുള്ള ഉദയനിധി സ്റ്റാലിന്‍ പ്രധാന കഥാപാത്രമാകുമ്പോള്‍ ‘നിമിര്‍’ ആ കഥാപാത്രത്തിന്‍റെ പരിണാമം മാത്രമായി അവസാനിക്കുന്നു. സെല്‍വവും അച്ഛന്‍ മഹേന്ദ്രനും തമ്മിലുള്ള ബന്ധത്തിലൂടെയാണ് ഈ പരിണാമത്തിന് മജ്ജ തീര്‍ക്കുന്നത്. സിനിമയിലുടനീളം ഉരുളയ്ക്കുപ്പേരി എന്ന പോലെയാണ് അവരുടെ സംഭാഷണങ്ങള്‍ നീളുന്നത്. ആദ്യ ഗാനത്തില്‍ എവിടെ നിന്നോ വന്ന സ്ത്രീ കഥാപാത്രത്തെപ്പോലെ തന്നെ പ്രേഷകനെ തൃപ്തിപ്പെടുത്താന്‍ പ്രിയദര്‍ശന്‍ നടത്തുന്ന മറ്റൊരു ശ്രമമാണ് സെല്‍വത്തിന്‍റെ മുന്‍ കാമുകിയുടെ തിരിച്ചു വരവ്. തിയേറ്ററില്‍ ചിരിയുയര്‍ത്തുന്ന, ശകാരിക്കുന്ന, മേല്‍കൈയുള്ള ഭാര്യയുമായി കൂട്ടിവായിക്കാവുന്നതാണ് ഈ ഭാഗവും.
സിനിമയുടെ ദൃശ്യങ്ങള്‍ അതിമനോഹരമാണ്. തെങ്കാശിയുടെ സൗന്ദര്യത്തെയും നിറങ്ങളെയും മുഴുവനായി ഒപ്പിയെടുക്കാന്‍ പ്രിയദര്‍ശന് സാധിച്ചിട്ടുണ്ട് എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്‍ കെ എകാംബരം ആണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ജലശ്രോതസുകള്‍ ജീവനാഡിയായിരുന്ന നമുക്ക് നഷ്ടപ്പെട്ട് പോയൊരു ജീവിതരീതിയുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നുണ്ട് ‘നിമിര്‍’. കാഴ്ചയുടെ സൗന്ദര്യത്തോടൊപ്പം തന്നെ കിടപിക്കുന്നതാണ് സിനിമയുടെ സംഗീതവും. റോണി ആര്‍ രാഫേലും (പശ്ചാത്തല സംഗീതം) ദര്‍ബൂകാ ശിവയും അജനീഷ് ലോകനാതും ‘നിമിറി’ന്‍റെ സംഗീതം മികവുറ്റതാക്കുന്നു.
‘നിമിര്‍’ സത്യസന്ധവും ശാന്തവുമായൊരു സിനിമയാണ്. അത് നിങ്ങളെ ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോകും. മഹേഷിനോട് കൂറുപുലര്‍ത്തുന്ന സിനിമ തന്നെയാണ് നിമിര്‍. അതിനോടൊപ്പം തന്നെ മുഖ്യധാരാ പ്രേക്ഷകനെക്കൂടി തൃപ്തിപ്പെടുത്താനും ശ്രമങ്ങളുണ്ട്.
അഭിനേതാക്കള്‍: ഉദയനിധി സ്റ്റാലിന്‍, നമിതാ പ്രമോദ്, പാര്‍വതീ നായര്‍, ജെ മഹേന്ദ്രന്‍, സമുദ്രക്കനി, എം എസ് ഭാസ്കര്‍, കരുണാകരന്‍.
സംവിധായകന്‍ : പ്രിയദര്‍ശന്‍