മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’.  ‘കാലാപാനി’യ്ക്ക് ശേഷം ലാല്‍-പ്രിയന്‍ എന്നിവര്‍ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും.  ചിത്രത്തിന്റെ സെറ്റ് ജോലികള്‍ ഉള്‍പ്പടെയുള്ള  പ്രീ പ്രൊഡക്ഷൻ ഹൈദരാബാദില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

മരയ്ക്കാറിന്റെ കപ്പലിന്റെ നിർമ്മാണജോലികൾ അവസാനഘട്ടത്തിലെത്തിയെന്ന വാർത്തകളാണ് ഇപ്പോള്‍ അണിയറയിൽ നിന്നും വരുന്നത്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ആർട്ട് ഡയറക്ടർ സാബു സിറിൾ ആണ് ചിത്രത്തിനു വേണ്ടിയുള്ള കപ്പൽ തയ്യാറാക്കുന്നത്. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ.

ചിത്രത്തിലെ പാട്ടുകളുടെ റെക്കോർഡിംഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിനു വേണ്ടി താന്‍ ഒരു ഗാനം ആലപിച്ചതായി കെ എസ് ചിത്ര കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ‘ആളൊരുക്കം’, ‘ഓവർടേക്ക്’, ‘ബോബി’ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ച റോണി റാഫേൽ ആണ് ചിത്ര ആലപിച്ച ഗാനം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് ഹരി നാരായണന്‍.

അൽപ്പം വ്യത്യസ്തമായ രീതിയിലാണ് ‘മരക്കാറി’നു വേണ്ടിയുള്ള പാട്ടുകൾ ഒരുക്കുന്നതെന്ന് പ്രിയദർശൻ തന്നെ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഒരു സിനിമയിലെ എല്ലാ പാട്ടുകളും ഒരു സംഗീതസംവിധായകനു നൽകുന്നതിനു പകരം മൂന്നു സംഗീത സംവിധായകർക്കായി ഒാരോരോ പാട്ടുകൾ വിഭജിച്ചു നൽകാനാണ് സംവിധായകൻ ശ്രമിക്കുന്നത്. “ ഇത്തവണ മറ്റൊരു പരീക്ഷണം കൂടി ചെയ്യാം എന്നു കരുതുകയാണ്. മൂന്നു സംഗീത സംവിധായകർക്കും ഓരോരോ പാട്ടുകളായി നൽകുന്നു. പാട്ടുകാരൊന്നുമില്ലാതെ ഇൻസ്ട്രമെന്റിന്റെ സഹായത്തോടെ നാലാമതൊരു പാട്ട് കൂടി ക്രിയേറ്റ് ചെയ്ത് സിനിമയിൽ ഉൾപ്പെടുത്തണമെന്നുമുണ്ട്”, പ്രിയദർശൻ പറയുന്നു.

Read more: മോഹന്‍ലാലിന്‍റെ ‘മരക്കാർ’ ഡിസംബര്‍ ഒന്നിന് ചിത്രീകരണം തുടങ്ങും

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആദ്യത്തെ നേവൽ ഡിഫെൻസ് സംഘടിപ്പിച്ചതും മരക്കാറാണ്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

ആന്റണി പെരുമ്പാവൂരും സി ജെ റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം. ചരിത്രവും ഭാവനയും കൂടികലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. “തീരദ്ദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോർ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയിൽ ഒരുക്കാനാണ് പ്ലാൻ. അതു കൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോൾ ചിന്തിക്കുന്നില്ല”, എന്നാണ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ പ്രിയദർശൻ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.

Read more: മോഹൻലാലിനായി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം, കുഞ്ഞാലി മരക്കാർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook