മോളിവുഡിന്റെയും ബോളിവുഡിന്റെയും പ്രിയ സംവിധായകൻ പ്രിയദർശന്റെ തൊപ്പിയിൽ മറ്റൊരു പൊൻ തൂവൽ കൂടി. 64-ാമത് ദേശീയ ചലച്ചിത്ര അവാർഡിന്റെ ജൂറി അധ്യക്ഷനാവുകയാണ് പ്രിയദർശൻ. ആദ്യമായാണ് ദേശീയ അവാർഡിന്റെ ജൂറി അധ്യക്ഷനാകാനുളള​ അവസരം പ്രിയദർശന് ലഭിക്കുന്നത്.

ജൂറി അധ്യക്ഷനാകുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും പ്രിയദർശൻ പറഞ്ഞു. തന്റെ കഴിവിന്റെ പരമാവധി താൻ ചെയ്യുമെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

35 വർഷമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന പ്രിയദർശൻ വിവിധ ഭാഷകളിലായി 91 സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. ദേശീയ അവാർഡുകൾ പലതവണ പ്രിയദർശന്റെ സിനിമകളെ തേടിയെത്തിയിട്ടുമുണ്ട്.

2007ൽ പ്രിയദർശൻ സംവിധാനം ചെയ്‌ത തമിഴ് ചിത്രം കാഞ്ചീവരം മികച്ച സിനിമ, മികച്ച നടൻ (പ്രകാശ് രാജ്) എന്നീ രണ്ട് അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. 1996ൽ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രം മൂന്ന് ദേശീയ അവാർഡുകളാണ് നേടിയത്. മികച്ച കലാ സംവിധാനം (സാബു സിറിൽ), മികച്ച സ്പെഷൽ എഫക്‌ട്സ് (എസ്.ടി.വെങ്കി), മികച്ച ഛായാഗ്രഹണം (സന്തോഷ് ശിവൻ) എന്നിവയാണ് ചിത്രം കരസ്ഥമാക്കിയത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ജയിലിൽ സ്വാതന്ത്ര്യ സമരത്തിനായി നടന്ന പോരാട്ടം കാണിച്ച ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്.

മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ഇറങ്ങിയ ഒപ്പം വൻ ഹിറ്റായിരുന്നു. ബോളിവുഡിൽ മൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം അക്ഷയ് കുമാറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ