വർഷങ്ങൾക്ക് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിച്ച് ചിത്രമായിരുന്നു കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിലൊന്നായ ഒപ്പം. വിവാഹ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങൾക്കും വിവാഹമോചനത്തിനും ശേഷം പ്രിയദർശൻ കരിയറിലേക്ക് തിരിച്ചു വന്നതും ഒപ്പത്തിലൂടെയായിരുന്നു. മൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമുളള തിരിച്ചുവരവിന് കാരണം മോഹൻലാൽ ആണെന്ന് പ്രിയദർശൻ പറയുന്നു.

“ആ കാലഘട്ടം വളരെ ക്ലേശകരമായിരുന്നു. എങ്ങനെയാണെന്ന് കടന്നുപോയതെന്ന് വിവരിക്കാൻ പോലുമാകില്ല. മൂന്ന് വർഷത്തേക്ക് സിനിമകൾ ഒന്നും ചെയ്‌തില്ല. ശരിയായി ചിന്തിക്കാൻ പോലും ആ സമയത്ത് സാധിക്കുമായിരുന്നില്ല. എനിക്ക് സിനിമ നിർമിക്കാനുളള​ കഴിവ് പോലും നഷ്‌ടപ്പെട്ടുവെന്നാണ് കരുതിയത് “, പ്രിയദർശൻ പറയുന്നു.

മോഹൻലാലാണ് ആ സമയത്ത് തന്നെ രക്ഷിച്ചതെന്നും ജോലിയിലേക്ക് തിരികെ വരാൻ നിർബന്ധിച്ചതെന്നും പ്രിയൻ പറഞ്ഞു. നാല്‌പതോളം ചിത്രങ്ങൾ ഒന്നിച്ച് ചെയ്‌ത മോഹൻലാലും പ്രിയദർശനും പുതിയ ചിത്രത്തിലേക്ക് എത്തുന്നത് അങ്ങനെയാണ്. കോമഡി ചിത്രമല്ലാതെ ഒന്ന് വേണം ചെയ്യാൻ എന്ന് നിർദേശിച്ചതും മോഹൻലാലാണ്. 91 ചിത്രങ്ങൾ ചെയ്‌ത താൻ പലതരം ചിത്രങ്ങൾ ചെയ്‌തിരുന്നെങ്കിലും ഒരു ത്രില്ലർ ചിത്രം എടുത്തിരുന്നില്ലെന്നും അതുകൊണ്ടാണ് അത്തരമൊന്ന് എടുക്കാൻ തീരുമാനിച്ചത്. മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നായ ഒപ്പം ഉണ്ടായത് അങ്ങനെയാണെന്നും പ്രിയദർശൻ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.

വലിയൊരു ഹിറ്റുമായുളള തിരിച്ചുവരവ് തനിക്കാവശ്യമായിരുന്നെന്നും ഭാഗ്യംകൊണ്ട് സിനിമ വിജയിക്കുകയും ബിസിനസ്സിലേക്കെല്ലാം തനിക്ക് മടങ്ങിവരാനായെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ഇറങ്ങിയതിനു ശേഷം നടൻ കമൽഹാസൻ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook