‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം ഓടിടിയിൽ റിലീസ് ചെയ്യും എന്ന് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചതു മുതൽ മരക്കാറിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാൽ സജീവമാണ് സോഷ്യൽ മീഡിയ. മരക്കാർ മാത്രമല്ല, ആശിർവാദ് നിർമ്മിക്കുന്ന മറ്റ് നാലു മോഹൻലാൽ ചിത്രങ്ങൾ കൂടി ഓടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ജനങ്ങളിലേക്ക് എത്തുകയെന്നും വെള്ളിയാഴ്ച ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഓടിടിയിലേക്ക് പോവുമ്പോൾ തിയേറ്ററുകളെ അതെത്രത്തോളം ബാധിക്കും എന്ന വിഷയത്തിൽ ഗൗരവകരമായ ചർച്ചകളാണ് കുറച്ചുദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.
അതിനിടയിൽ, സംവിധായകൻ പ്രിയദർശൻ റിപ്പോർട്ടർ ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റു പിടിച്ചിരിക്കുന്നത്. ഓടിടി പ്ലാറ്റ്‍ഫോമുകള്‍ക്ക് വില്‍ക്കാന്‍ പറ്റാത്ത സിനിമകള്‍ തിയേറ്ററില്‍ കൊണ്ടുവരുമ്പോള്‍, തിയേറ്ററുകാരെ രക്ഷിക്കാനാണെന്ന് ചിലര്‍ കള്ളം പറയുകയാണ് എന്നായിരുന്നു പ്രിയദര്‍ശന്റെ പ്രസ്‍താവന. ഇത് ദുൽഖർ ചിത്രം കുറുപ്പിനെ ഉദ്ദേശിച്ചാണ് എന്ന രീതിയിൽ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.
“ഇന്നലെ ചാനൽ ചർച്ചയിൽ ഞാൻ നടത്തിയ പ്രസ്താവന നെറ്റ്ഫ്ലിക്സിനെയും തിയേറ്റർ റിലീസിനെയും കുറിച്ചുള്ള പൊതുവായ അഭിപ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു, അതല്ലാതെ പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ നടനെയോ ഉദ്ദേശിച്ചുള്ളതല്ല. ദുൽഖറിനെയോ കുറുപ്പിന്റെ വരാനിരിക്കുന്ന റിലീസിനെ കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കാൻ ഞാനാഗ്രഹിക്കുന്നു. മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിക്കുകയും ഞാനുദ്ദേശിച്ചിട്ടില്ലാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയുമായിരുന്നു,” എന്നാണ് പ്രിയദർശൻ ട്വീറ്റിൽ പറയുന്നത്.

മരക്കാര്‍ തിയറ്ററുകളില്‍ ഓടിടി റിലീസ് ചെയ്യുക എന്ന തീരുമാനത്തിൽ ആന്റണിയ്ക്ക് ഒപ്പമാണ് താനെന്നും നിലവിലെ സാഹചര്യത്തിൽ അതല്ലാതെ മറ്റുവഴികൾ മുന്നിൽ ഇല്ലെന്നും പ്രിയദർശൻ വ്യക്തമാക്കി.
‘മരക്കാര്‍’ മാത്രമല്ല, പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, ജീത്തു ജോസഫിന്‍റെ 12ത്ത് മാന്‍, ഷാജി കൈലാസിന്‍റെ എലോണ്‍, കൂടാതെ ‘പുലിമുരുകന്’ ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്‍ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രം എന്നിവയും ഓടിടി വഴിയാണ് റിലീസ് ചെയ്യുക എന്ന് ആന്റണി പെരുമ്പാവൂർ വെള്ളിയാഴ്ച പത്രസമ്മേളനത്തിനിടെ വ്യക്തമാക്കി.