scorecardresearch

ഇനി ഒരു ഊഴവുമില്ല, കുഞ്ഞാലി മരക്കാർ ചെയ്തതോടെ ഞാനെല്ലാ പരിപാടിയും നിർത്തി: പ്രിയദർശൻ

'രണ്ടാംമൂഴം' സംവിധാനം ചെയ്യുമോ? മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു പ്രിയദർശൻ

'രണ്ടാംമൂഴം' സംവിധാനം ചെയ്യുമോ? മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു പ്രിയദർശൻ

author-image
Entertainment Desk
New Update
priyadarshan, priyadarshan Corona Papers

'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രമാണ് പ്രിയദർശന്റേതായി അവസാനം മലയാളത്തിലെത്തിയ ചിത്രം. ദേശീയ പുരസ്കാര വേദിയിൽ വരെ ചിത്രം ശ്രദ്ധ നേടിയിരുന്നെങ്കിലും കേരളത്തിലെ പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. ചിത്രത്തിലെ ചില രംഗങ്ങളും സംഭാഷണങ്ങളുമൊക്കെ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ‘കൊറോണ പേപ്പേഴ്സ്’എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ മരക്കാറുമായി ബന്ധപ്പെടുത്തി പ്രിയദർശൻ പറഞ്ഞ രസകരമായൊരു മറുപടിയാണ് ശ്രദ്ധ നേടുന്നത്.

Advertisment

എംടിയുടെ തിരക്കഥയിൽ രണ്ടാമൂഴം സംവിധാനം ചെയ്യുമെന്നു കേട്ടിരുന്നല്ലോ? എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. " ഇനി ഒരു ഊഴവുമിലല്ല, കുഞ്ഞാലി മരക്കാർ ചെയ്തതോടെ ഞാനെല്ലാ പരിപാടിയും നിർത്തി," എന്നാണ് ചിരിയോടെ പ്രിയദർശൻ മറുപടി നൽകുന്നത്. പ്രിയദർശന്റെ മറുപടി വേദിയിൽ ഉണ്ടായിരുന്ന സിദ്ധിഖ് അടക്കമുള്ള അഭിനേതാക്കളെയും ചിരിപ്പിച്ചു.

'കാലാപാനി' എന്ന ചിത്രം വളരെ നേരത്തെയായി പോയി എന്നും പ്രിയദർശൻ പറഞ്ഞു. സിനിമകളുടെ പരാജയത്തിനു കാരണം മോശം തിരക്കഥകളാണെന്നും പ്രിയദർശൻ പറയുകയുണ്ടായി. "സിനിമകളുടെ പരാജയത്തിനു കാരണം സിനിമ കാണാൻ വരുന്ന പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയാത്തതാണ്. വളരെ മോശമായ ഒരു തിരക്കഥ എത്ര നന്നായിട്ട് എടുത്താലും ഓടില്ല. നല്ല തിരക്കഥയാണെങ്കിൽ എത്ര മോശമായിട്ട് എടുത്താലും വിജയിക്കും. കാരണം ഉള്ളടക്കമാണ് പ്രധാനം. തിരക്കഥ എഴുതുകയാണ് സിനിമയിൽ ഏറ്റവും പ്രയാസമേറിയ ഘട്ടം. അതിലും ബുദ്ധിമുട്ടുള്ളതായി സിനിമയിൽ ഒന്നുമില്ല എന്നു ഞാൻ വിശ്വസിക്കുന്നു."

Advertisment

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊറോണ പേപ്പേഴ്‌സ്'. ഷെയ്ന്‍ പൊലീസുകാരനായി എത്തുന്ന ചിത്രമാണിത്. തമിഴ് താരം ഗായത്രി ശങ്കരാണ് ചിത്രത്തിലെ നായിക. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായെത്തുന്ന മലയാള സിനിമ കൂടിയാണ് 'കൊറോണ പേപ്പേഴ്‌സ്'. സിദ്ധിഖ്, ഹന്ന റെജി കോശി, പി.പി. കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ശ്രീകാന്ത് മുരളി, നന്ദു പൊതുവാള്‍ എന്നിവരും ചിത്രത്തിലുണ്ട്.

ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മാണ സംരഭമായ ഈ ചിത്രം പ്രിയദര്‍ശന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. ദിവാകര്‍ എസ്. മണി ഛായാഗ്രഹണവും എം.എസ്. അയ്യപ്പന്‍ നായര്‍ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.

Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: