മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍, പ്രണവ് മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നു എന്ന വാര്‍ത്തകളോട് സംവിധായകന്‍ തന്നെ പ്രതികരിക്കുന്നു. അങ്ങനെയൊരു കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് പ്രിയദര്‍ശന്‍ ഐഇ മലയാളത്തോടു പറഞ്ഞു.

ചിത്രത്തിന്റെ തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണെന്നും, മോഹന്‍ലാലൊഴികെ ആരെയും ഇതുവരെ കാസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ചിത്രത്തിന്റെ ക്യാമറാമാന്‍ ആയി എത്തുന്നത് തിരു ആയിരിക്കും.

നൂറു കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. കുഞ്ഞാലി മരയ്ക്കാരെ കുറിച്ച് ചിത്രമൊരുക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. മലയാളത്തില്‍ കൂടാതെ തെലുങ്ക് ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാറാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഡയലോഗും പ്രൊമോയും കഴിഞ്ഞിദിവസം പുറത്തുവിട്ടിരുന്നു. ഇതിനു പുറമെ മമ്മൂട്ടി ചിത്രത്തിന്റെ സ്ഥിരീകരണവുമായി സന്തോഷ് ശിവനും നിര്‍മ്മാതാവ് ഷാജി നടേശനും രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ