പ്രേം നസീർ ചിത്രത്തിലെ അവസരം മോഹൻലാൽ വേണ്ടെന്നു വച്ചെന്ന കാര്യം കഴിഞ്ഞ ദിവസമാണ് ശ്രീനിവാസൻ വെളിപ്പെടുത്തിയത്. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹം പ്രേം നസീറിനുണ്ടായിരുന്നു. എന്നാൽ അതിൽ അഭിനയിക്കാൻ മോഹൻലാലിനു താത്പര്യ കുറവായിരുന്നെന്നാണ് ശ്രീനിവാസൻ പറഞ്ഞത്. മോഹൻലാലിന്റെയും ശ്രീനിവാസന്റെയും സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ ഈ വിഷയത്തോട് പ്രതികരിക്കുകയാണ്. ‘കൊറോണ പേപ്പേഴ്സ്’ എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയദർശൻ.
“അവർ രണ്ടു പേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. കൊറോണ പേപ്പേഴ്സ് എന്ന ചിത്രത്തിൽ പറഞ്ഞ കാര്യമാണ് എനിക്കിപ്പോൾ ഓർമ വരുന്നത്. മറക്കുന്നത് മാനുഷികവും, മാപ്പു നൽകുന്ന ദൈവീകവുമാണ്. അങ്ങനെയെല്ലാവരും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം” പ്രിയദർശൻ പറഞ്ഞു. ശ്രീനിവാസനിപ്പോൾ വയ്യാതിരിക്കുകയാണെന്നും അതുകൊണ്ട് എന്തെങ്കിലും അറിയാതെ പറഞ്ഞതാണെന്നുമാണ് തന്റെ സംശയമെന്ന് പ്രിയദർശൻ പറയുന്നു.
“ശ്രീനിവാസൻ അങ്ങനെ പറഞ്ഞതിന്റെ കാരണം എനിക്കറിയില്ല അതുകൊണ്ട് അതിൽ അഭിപ്രായം പറയാനും ഞാൻ ആളല്ല. ഞാനും സത്യൻ അന്തിക്കാടും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു ഇപ്പോഴും അതിന്റെ കാരണം ഞങ്ങൾക്കറിയില്ല.” മോഹൻലാൽ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
“ശ്രീനിയ്ക്ക് ചിപ്പോൾ അങ്ങനെ തോന്നി കാണും എന്നാണ് മോഹൻലാൽ പറയുന്നത്. അങ്ങനെ എല്ലാ കാര്യങ്ങളോട് പ്രതികരിക്കുന്ന ആളല്ല മോഹൻലാൽ, അതു തന്നെയാണ് നല്ലതും” പ്രിയദർശൻ കൂട്ടിച്ചേർത്തു.