മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രങ്ങളിൽ ഒന്നാണ് പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. ചിത്രീകരണം ആരംഭിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞെന്നും ഷൂട്ടിംഗ് ഡിസംബർ ഒന്നിന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിക്കുമെന്നും സംവിധായകൻ പ്രിയദർശൻ ഐഎഎൻഎസിന് നൽകിയ​ അഭിമുഖത്തിൽ പറയുന്നു. മുൻപ് ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ ഒന്നിന് ആരംഭിക്കും എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.

“സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ശേഷിക്കുന്നവ ഊട്ടി, രാമേശ്വരം ലൊക്കേഷനുകളിലായി പൂർത്തീകരിക്കും,” പ്രിയദർശൻ പറയുന്നു. മരയ്ക്കാറിന്റെ വർക്കുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും ഹൈദരാബാദിലേക്കും നിരന്തരയാത്രകൾ നടത്തുകയാണ് അദ്ദേഹം.

മോഹൻലാലും പ്രിയദർശനും ‘മരക്കാർ’ ചിത്രത്തിന്റെ നിർമാതാക്കൾക്കൊപ്പം

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആദ്യത്തെ നേവൽ ഡിഫെൻസ് സംഘടിപ്പിച്ചതും മരയ്ക്കാറാണ്. ചിത്രത്തിൽ ‘കുഞ്ഞാലി ‘മരക്കാർ’ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാലാണ്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ചരിത്രവും ഭാവനയും കൂടികലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.

കീർത്തി സുരേഷും മഞ്ജുവാര്യരും മധുവും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

“സിനിമയുടെ സെറ്റ് ഒരുക്കൽ ജോലികൾ സാബു സിറിളിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാാണ്. തീരദ്ദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോർ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയിൽ ഒരുക്കാനാണ് പ്ലാൻ. അതുകൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോൾ ചിന്തിക്കുന്നില്ല,” മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർമാരിൽ ഒരാളായ പ്രിയദർശൻ പറയുന്നു.

പ്രിയദർശനും സാബു സിറിളും

“സ്റ്റാർ കാസ്റ്റ് ഫൈനൽ ചെയ്താൽ ഉടൻ കോസ്റ്റ്യൂം കാര്യങ്ങൾ ഫൈനലൈസ് ചെയ്യും. തിരുവാണ് ക്യാമറ കൈകാര്യം ചെയ്യുക. ഇത്തവണ മറ്റൊരു പരീക്ഷണം കൂടി ചെയ്യാം എന്നു കരുതുകയാണ്. മൂന്നു സംഗീതസംവിധായകർക്കും ഓരോരോ പാട്ടുകളായി നൽകുന്നു. പാട്ടുകാരൊന്നുമില്ലാതെ ഇൻസ്ട്രമെന്റിന്റെ സഹായത്തോടെ നാലാമതൊരു പാട്ട് കൂടി ക്രിയേറ്റ് ചെയ്ത് സിനിമയിൽ ഉൾപ്പെടുത്തണമെന്നുമുണ്ട്,” പ്രിയദർശൻ പറയുന്നു.

മാർച്ച് 2015 ൽ സിനിമയുടെ ഷൂട്ടിംഗ് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന ചിത്രം 2020 ൽ​ ആയിരിക്കും തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന് കൂടുതൽ സമയം ലഭിക്കാനാണ് റിലീസിംഗ് 2020 ലേക്ക് മാറ്റുന്നത്.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ‘മരയ്‌ക്കാര്‍’ നവംബര്‍ 1ന് തുടങ്ങും

ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും സന്തോഷ് ടി കുരുവിളയും സിജെ ജോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ തന്നെ എറ്റവും വലിയ ചിത്രമായിരിക്കും ‘മരക്കാർ’. നൂറ് കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് വാർത്തകളുണ്ടായിരുന്നു.

നാലു പതിറ്റാണ്ടോളം നീണ്ട കരിയറിൽ 90 ലേറെ കോമേഴ്സ്യൽ സിനിമകൾ സമ്മാനിച്ച പ്രിയദർശന്റെ കരിയറിലെയും ഏറെ ശ്രദ്ധേയമായൊരു ചിത്രമാവും ‘മരക്കാർ’. പ്രിയദർശൻ സിനിമകളിലെ മോഹൻലാലിനെ കാണാൻ ​​ആഗ്രഹിക്കുന്ന മലയാളികൾക്കും ദൃശ്യവിസ്മയം സമ്മാനിക്കുന്ന ചിത്രമാവുമിത്. ‘ഒപ്പം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും കൈകോർക്കുകയാണ് ‘മരക്കാറി’ലൂടെ. മോഹന്‍ലാലിന്റെ മുപ്പതാം വിവാഹവാര്‍ഷിക ദിനത്തിലായിരുന്നു ‘മരക്കാർ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ