ഒരു വർഷം മുൻപാണ് ‘ഒരു അഡാർ ലവ്വ്’ തിയേറ്ററുകളിൽ സെൻസേഷനായത്. ചിത്രത്തിലെ നായികമാരിൽ ഒരാളായ പ്രിയ വാര്യരുടെ കണ്ണിറുക്കലും ഗൺ ഷോട്ടുമായിരുന്നു അന്താരാഷ്ട്രതലത്തിൽ വരെ ചിത്രത്തെ സംസാരവിഷയമാക്കിയത്. ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഒരു അഡാർ ലവ്വ്’ ഒടുവിൽ നാളെ വാലന്റെൻസ് ഡേയിൽ തിയേറ്ററുകളിലേക്കെത്തുകയാണ്.
ഒമർ ലുലുവാണ് ‘ഒരു അഡാർ ലവ്വി’ന്റെ സംവിധായകൻ. തിരക്കഥ ഒരുക്കിയിരിക്കുന്നതും ഒമർ ലുലു തന്നെ. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഒരു റൊമാന്റിക് കോമഡിചിത്രമാണ് അഡാർ ലവ്വ് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പ്രിയ പ്രകാശ് വാര്യർക്കൊപ്പം സിയാദ് ഷാജഹാൻ, റോഷൻ അബ്ദുൾ റൗഫ്, നൂറിൻ ഷെരീഫ് തുടങ്ങി നിരവധിയേറെ പുതുമുഖങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഔസേപ്പച്ചൻ മൂവി ഹൗസിന്റെ ബാനറിൽ ഔസേപ്പച്ചൻ വളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിലെ ഒരു പ്ലസ് ടു സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിലെ പ്രേമകഥയാണ് പറയുന്നത്. സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്. വിനീത് ശ്രീനിവാസൻ ആലപിച്ച ‘മാണിക്യ മലരായ പൂവി’ എന്ന മാപ്പിള ഗാനവും ഏറെ വൈറലായിരുന്നു.
ജൂൺ
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ‘ജൂൺ’ ആണ് ഈ ആഴ്ചയിലെ മറ്റൊരു പ്രധാന റിലീസ്. ഫെബ്രുവരി 15നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ‘അനുരാഗ കരിക്കിന് വെള്ളം’ എന്ന ചിത്രത്തിലെ ‘എലി’ യായി മലയാളികളുടെ ഹൃദയം കവര്‍ന്ന, ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാർ പുരസ്കാരം സ്വന്തമാക്കിയ രജിഷ വിജയന് ആണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ 17 വയസ്സു മുതല്‍ 27 വയസ്സു വരെയുള്ള ജീവിതമാണ് ജൂണിന്റെ പ്രമേയം. ചിത്രത്തില്‍ ജോജു ജോര്‍ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്ജുന് അശോകന്, അജു വര്‍ഗീസ് എന്നിവർക്കൊപ്പം പതിനഞ്ചിലേറെ പുതു മുഖങ്ങളും അഭിനയിക്കുന്നുണ്ട്. രജിഷയുടെ അച്ഛന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള അടുപ്പവും വൈകാരികമായ നിമിഷങ്ങളുമൊക്കെ സിനിമ ചർച്ച ചെയ്യുന്നുണ്ടെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
മുല്ലപ്പൂ വിപ്ലവം
നവാഗതനായ നിക്ക്ൾസൺ പൗലോസ് കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘മുല്ലപ്പൂ വിപ്ളവം’ ആണ് ഫെബ്രുവരി 15 ന് റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. ലെജൻഡ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ റമീസ് നിർവ്വഹിച്ചിരിക്കുന്നു. കുമാർ കെ. നമ്പ്യാർ, അനിൽ ചന്ദ്രശേഖരൻ, നിക്ക്ൾസൺ പൗലോസ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്.
ഗാംബിനോസ്
മലബാറിലെ ക്രൈം ഫാമിലിയുടെ പശ്ചാത്തലത്തില്‍ ഒരു അധോലോക കുടുംബത്തിന്റെ കഥ പറയുന്ന ‘ഗാംബിനോസ്’ എന്ന ചിത്രവും ഫെബ്രുവരി 15 ന് റിലീസിനെത്തുകയാണ്. നവാഗതനായ ഗിരീഷ് പണിക്കര്‍ മട്ടാടയാണ് ചിത്രത്തിന്റെ സംവിധായകൻ. രാധിക ശരത്കുമാര്, വിഷ്ണു വിനയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സമ്പത്ത് രാജ്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ,നീരജ , ജാസ്മിന് ഹണി ,ബിന്ദു വടകര, ഷെറിന്, വിജയന് കാരന്തൂര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കങ്കാരു ബ്രോഡ്കാസ്റ്റിംഗിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സക്കീർ മഠത്തിലിന്റേതാണ്. എല്‍ബന്‍ കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.