തമിഴിലെ ഏറ്റവും മികച്ച ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഒന്നാണ് സുര്യ-കെ.വി.ആനന്ദ് ടീമിന്റേത്. അടുത്തിടെയാണ് സൂര്യയുടെ 37-ാം ചിത്രമൊരുക്കുന്നത് താനാണെന്ന് കെ.വി.ആനന്ദ് പ്രഖ്യാപിച്ചത് . നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഈ ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത് ഒരു അഡാറ് ലവ് ഫെയിം പ്രിയ വാര്യരാണെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നത്.

എന്നാല്‍ ഈ വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ കെ.വി.ആനന്ദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വാര്‍ത്തകളെല്ലാം തികച്ചും വ്യാജമാണെന്നും ഇതുവരെ ചിത്രത്തിലെ ഒരു വേഷത്തിനായും പ്രിയയെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന്റെ ലൊക്കേഷന്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തിരക്കിലാണ് ആനന്ദ് ഇപ്പോള്‍. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം നിര്‍വ്വഹിക്കുന്നത് ഹാരിസ് ജയരാജ്. തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത് പട്ടുകോട്ടൈ പ്രഭാകര്‍.

നായികയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പ്രിയ വാര്യരല്ല നായിക എന്നുമാത്രം സംവിധായകന്‍ വെളിപ്പെടുത്തി. ഇതാദ്യമായല്ല പ്രിയയെപ്പറ്റി ഇത്തരം ഗോസിപ്പുകള്‍ പുറത്തുവരുന്നത്. നേരത്തേ കരണ്‍ ജോഹര്‍ തന്റെ പുതിയ ചിത്രത്തിലെ നായികയാകാന്‍ പ്രിയയെ സമീപിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ