പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രങ്ങളിലെല്ലാം ഏറെ ഗ്ലാമറസ്സായിട്ടാണ് പ്രിയ പ്രത്യക്ഷപ്പെടുന്നത്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ബോളിവുഡ് ചിത്രം പൂർണമായും ലണ്ടനിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യടീസർ പുറത്തുവന്നപ്പോൾ മുതൽ വിവാദങ്ങളുടെ നിഴലിലാണ് ചിത്രം. ബോളിവുഡ് ഇതിഹാസതാരം ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്ന അഭ്യൂഹങ്ങളാണ് ചിത്രത്തെ വിവാദമാക്കിയത്. ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ള നിരവധിയേറെ ദൃശ്യങ്ങൾ ട്രെയിലറിൽ ഉണ്ടായിരുന്നു. ബാത്ത് ടബ്ബിൽ മുങ്ങിമരിച്ച സീനുകൾ വരെ ടീസറിൽ പുനരാവിഷ്കരിക്കപ്പെട്ടിരുന്നു. ഇതോടെ ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു.
Read more: ശ്രീദേവി ബംഗ്ലാവ്’ വിവാദമാകുന്നു; പ്രിയ വാര്യരുടെ ചിത്രത്തിന് ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചു
“ചിത്രത്തെ കുറിച്ച് ഞാനിപ്പോൾ ഒന്നും പറയുന്നില്ല. അതു നിങ്ങൾ തിയേറ്ററിൽ പോയി കണ്ട് അറിയേണ്ടതാണ്.എന്റെ ചിത്രത്തിൽ ശ്രീദേവി എന്നത് ഒരു കഥാപാത്രവും നടിയുമാണ്. കഥാപാത്രത്തിന്റെ പേരാണത്. ആർക്കും ശ്രീദേവി എന്ന പേരുണ്ടാകാം. ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ച ചില പ്രത്യേക സംഭവങ്ങൾ ഈ കഥയിലുമുണ്ട്. ഇതൊരു സസ്പെൻസ് ത്രില്ലറാണ്. കൂടുതലൊന്നും സംസാരിക്കുന്നില്ല,” എന്നാണ് വിവാദങ്ങളോട് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചത്.
അതേസമയം, ചിത്രവുമായി ബന്ധപ്പെട്ടുയർന്ന് വിവാദങ്ങളോട് പ്രിയ വാര്യർ പ്രതികരിച്ചത് ഇങ്ങനെ: ”ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ പേരാണ് ശ്രീദേവി. ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കാൻ ആരും ആഗ്രഹിക്കാറില്ല. ട്രെയിലർ പുറത്തിറങ്ങിയതു മുതൽ പ്രേക്ഷകർ ആകാംക്ഷയിലാണ്. അത് നല്ലതാണ്. ഈ സിനിമ ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാൻ ഞങ്ങൾ പ്രേക്ഷകർക്ക് വിട്ടുകൊടുക്കുകയാണ്.”
Read more: ‘ശ്രീദേവി കഥാപാത്രത്തിന്റെ പേരു മാത്രമാണ്,’ വിവാദങ്ങളോട് പ്രതികരിച്ച് പ്രിയ
ചിത്രത്തിൽ പ്രിയ വാര്യരെ കൂടാതെ പ്രിയാംഷു ചാറ്റർജി, ആസിം അലി ഖാൻ, മുകേഷ് റിഷി തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ആറാട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചന്ദ്രശേഖർ എസ്.കെ, മനിഷ് നായർ, റോമൻ ഗിൽബെർട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. 70 കോടി രൂപ ബജറ്റിലാണ് ‘ശ്രീദേവി ബംഗ്ലാവ്’ ഒരുങ്ങുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook