യുവാക്കൾക്കിടയിൽ ഏറെ ട്രെൻഡായ ഒന്നാണ് ബോഡി ടാറ്റൂകൾ. ഒരു വിഭാഗം ആളുകൾ ഫാഷന്റെ ഭാഗമായി ടാറ്റൂ ചെയ്യുമ്പോൾ മറ്റൊരു വിഭാഗം പ്രിയപ്പെട്ടവരോടുള്ള സ്നേഹവും പ്രണയവും പ്രണയിതാവിന്റെ പേരുമൊക്കെ ടാറ്റൂ ചെയ്യുന്നു. അൽപ്പം വേദനാജനകമായ കാര്യമാണ് ടാറ്റൂ ചെയ്യൽ എങ്കിലും എന്നെന്നും ശരീരത്തോട് ചേർന്നു കിടക്കുന്ന ഒരോർമ്മയെന്ന രീതിയിലാണ് മിക്കയാളുകളും ടാറ്റൂവിനെ കാണുന്നത്.
സെലബ്രിറ്റികൾക്കിടയിലും ടാറ്റൂവിന് ഏറെ ആരാധകരുണ്ട്. മംമ്ത മോഹൻദാസ്, സാനിയ ഇയ്യപ്പൻ, സൗബിൻ ഷാഹിർ, ഭാവന, സംയുക്ത മേനോൻ, കനിഹ, ലെന, അമൃത സുരേഷ്, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേരാണ് പ്രിയപ്പെട്ട ടാറ്റൂവിനെ ശരീരത്തിന്റെ ഭാഗമാക്കി മാറ്റിയത്.
തന്റെ ശരീരത്തിൽ എത്ര ടാറ്റൂ ഉണ്ടെന്ന് വെളിപ്പെടുത്തിയ പ്രിയ വാര്യരുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശരീരത്തിൽ പതിനെട്ട് ടാറ്റൂ ഉണ്ടെന്നും ടാറ്റൂ തനിക്കൊരു ക്രേസ് ആണെന്നുമാണ് പ്രിയ പറയുന്നത്.
“ശരീരത്തിലൊട്ടാകെ പതിനെട്ട് ടാറ്റുവുണ്ട്. ആരും കാണാത്ത സ്ഥലത്തും ടാറ്റൂ ചെയ്തിട്ടുണ്ട്,’ പ്രിയ പറയുന്നു.
‘ഫോർ ഇയേർസ്’ എന്ന സിനിമയിലൂടെ പ്രമോഷന്റെ തിരക്കിലാണ് പ്രിയ ഇപ്പോൾ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സർജാനോ ഖാലിദ് ആണ് പ്രിയയുടെ നായകൻ.
മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം അഭിനയിക്കുന്ന
‘ലൈവ്’ ആണ് പ്രിയയുടെ പുതിയ ചിത്രം. ‘ഒരുത്തീ’ക്ക് ശേഷം വികെപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൈവ്’.