തനിക്കെതിരെ ഉയർന്ന അതിരുവിട്ട ട്രോളുകൾക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് നടിയും മോഡലുമായ പ്രിയ ആനന്ദ്. പ്രിയ ആനന്ദ് ഭാഗ്യമില്ലാത്ത നടിയാണെന്നും ശ്രീദേവിയുടെയും ജെ കെ റിതേഷിന്റെയും മരണത്തിനു കാരണം പ്രിയയ്ക്ക് ഒപ്പം അഭിനയിച്ചതാണെന്നും പറഞ്ഞുകൊണ്ടുള്ള വിമർശനത്തിനെതിരെയാണ് പ്രിയ രംഗത്തെത്തിയിരിക്കുന്നത്.

ഇംഗ്ലീഷ് വിഗ്ലീഷ്’ എന്ന ചിത്രത്തിൽ ശ്രീദേവിയ്ക്ക് ഒപ്പം പ്രിയ അഭിനയിച്ചിരുന്നു. അതുപോലെ, ‘എൽകെജി’ എന്ന ചിത്രത്തിൽ നടനും രാഷ്ട്രീയക്കാരനുമായ ജെ കെ റിതേഷിനൊപ്പവും പ്രിയ സ്ക്രീൻ ഷെയർ ചെയ്തിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് അടുത്തിടെ റിതേഷും മരണപ്പെട്ടിരുന്നു. ഇതു രണ്ടും ചൂണ്ടി കാട്ടിയാണ് ആക്ഷേപപരമായ ട്വീറ്റുമായി ഒരാൾ രംഗത്തെത്തിയത്. ആരൊക്കെ പ്രിയയ്ക്ക് ഒപ്പം വർക്ക് ചെയ്താലും അവർ മരണപ്പെടും. പ്രിയ ആനന്ദ് സഹതാരങ്ങൾക്ക് രാശിയില്ലാത്ത നടിയാണോ എന്നാണ് ആക്ഷേപപരമായ ട്വീറ്റിന്റെ ഉള്ളടക്കം.

“നിങ്ങളെ പോലുള്ള ആളുകളോട് സാധാരണ ഞാൻ പ്രതികരിക്കാറില്ല. പക്ഷേ വളരെ ക്രൂരവും ബുദ്ധിഹീനവുമായ കാര്യമാണിതെന്ന് നിങ്ങളോട് പറയാൻ ഞാനാഗ്രഹിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഇത്തരം കാര്യങ്ങൾ വിളിച്ചു പറയാൻ എളുപ്പമാണ്, പക്ഷേ ഇതിനു മറുപടി പറഞ്ഞാല്‍ ഞാന്‍ നിങ്ങളേക്കാള്‍ താഴ്ന്നു പോകും,” എന്നാണ് പ്രിയ ട്വീറ്റിനു മറുപടി നൽകിയത്.

തുടർന്ന് പ്രിയയോട് മാപ്പ് പറഞ്ഞ് ട്വിറ്റർ യൂസർ രംഗത്തു വരികയും ചെയ്തു.

Read more: ‘അദ്ദേഹത്തിന് എന്റെ പേര് പോലും അറിയില്ലെന്നാണ് ഞാന്‍ കരുതിയത്’; മോഹന്‍ലാലിനെ കുറിച്ച് പ്രിയ ആനന്ദ്

‘വാമനൻ’ എന്ന ചിത്രത്തിലൂടെ 2009 ലാണ് പ്രിയ ആനന്ദ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘180’, ‘ഇരുമ്പു കുതിരൈ’, ഫ്യൂരി, രംഗ്രേസ് തുടങ്ങി ഇരുപത്തിഞ്ചിലേറെ ചിത്രങ്ങളിൽ പ്രിയ വേഷമിട്ടു. തമിഴിനു പുറമെ തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച പ്രിയയുടെ ആദ്യ മലയാള ചിത്രം ‘എസ്ര’ ആയിരുന്നു. നിവിൻ പോളി- റോഷൻ ആൻഡ്രൂസ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’,ദിലീപ്- ബി ഉണ്ണികൃഷ്ണൻ ചിത്രം ‘കോടതിസമക്ഷം ബാലൻവക്കീൽ’ എന്നീ ചിത്രങ്ങളിലും പ്രിയ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്ക് ആയ ആദിത്യ വർമ്മയാണ് പ്രിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook