തന്‍റെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരേടാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’ എന്ന് ചിത്രത്തിലെ നായിക പ്രിയാ ആനന്ദ്‌. തമിഴിലെ ‘വികടന്‍’ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി നായകനും മോഹന്‍ലാല്‍ അതിഥി വേഷത്തിലും എത്തുന്ന മലയാളത്തിലെ ഈ ‘മാഗ്നം ഓപസി’നെക്കുറിച്ച് പ്രിയ മനസ്സ് തുറന്നത്.

“ചെറുപ്പത്തില്‍ മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട് കായംകുളം കൊച്ചുണ്ണിയുടെ കഥ. അതുകൊണ്ട് മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. സിനിമാ ജീവിതത്തിന്‍റെ തുടക്കത്തില്‍ മുതലേയുള്ള ആഗ്രഹമായിരുന്നു ഒരു പിരീഡ് ചിത്രത്തില്‍ അഭിനയിക്കുക എന്നത്. അതും ഈ ചിത്രത്തിലൂടെ സഫലമാവുകയാണ്.”, മലയാളത്തിലെ തന്‍റെ രണ്ടാം ചിത്രത്തെക്കുറിച്ച് പ്രിയയ്ക്ക് പറയാനുള്ളത് ഇതാണ്. ‘എസ്ര’ എന്ന പൃഥ്വിരാജ് സിനിമയിലൂടെയാണ് പ്രിയ മലയാളത്തിലേക്ക് എത്തിയത്.

kayamkulam kochunni

“മലയാളത്തിലെ നടീനടന്മാരെല്ലാം തന്നെ നല്ല അഭിനയസിദ്ധിയുള്ളവരാണ്. സിനിമയില്‍ അഭിനയിക്കുന്നു എന്ന് തോന്നുകയേയില്ല, അത്രയ്ക്ക് റിയലിസ്റ്റിക്ക് ആയ അഭിനയമാണ്. നിവിന്‍ പോളിയെക്കുറിച്ച് ഞാന്‍ പ്രത്യേകിച്ചു എടുത്തു പറയേണ്ട കാര്യമില്ലല്ലോ. നിവിനുമായുള്ള അഭിനയം ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായി ഞാന്‍ കാണുന്നു. അദ്ദേഹത്തിന്‍റെ എല്ലാ ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.”, ‘കായംകുളം കൊച്ചുണ്ണി’യെ അവതരിപ്പിക്കുന്ന നിവിന്‍ പോളിയെക്കുറിച്ച് പ്രിയയുടെ വാക്കുകള്‍.

ജാനകി എന്ന കഥാപാത്രമായി പ്രിയ എത്തുമ്പോള്‍ ഇത്തിക്കരപ്പക്കിയായി സൂപ്പര്‍താരം മോഹന്‍ലാലും എത്തുന്നു. സിനിമയിലെ തന്‍റെ ‘ഗെറ്റ്അപ്പി’നെക്കുറിച്ചും പ്രിയ വാചാലയായി.

“മുതല്‍ മര്യാദൈ’ എന്ന ചിത്രത്തില്‍ രാധയുടേത് പോലുള്ള ഒരു ലുക്ക്‌ ആണ് എനിക്ക് ‘കായംകുളം കൊച്ചുണ്ണി’യില്‍. ആദ്യമൊക്കെ ആ വേഷമിട്ടു സെറ്റില്‍ നടക്കാന്‍ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കാരണം സെറ്റില്‍ കൂടുതലും പുരുഷന്മാരാണ്. ഷൂട്ടിങ് തുടങ്ങി കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ അത് മാറി.”, ‘കായംകുളം കൊച്ചുണ്ണി’യിലെക്കെത്താന്‍ മൂന്ന് സിനിമകള്‍ വേണ്ടെന്നു വച്ച പ്രിയാ ആനന്ദ്‌ പറയുന്നു.

priya anand 1

അമലാ പോളിനെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. ഡേറ്റ് പ്രശ്നങ്ങള്‍ കാരണം പിന്മാറിയ അമലയ്ക്ക് പകരമായി എത്തിയതാണ് പ്രിയാ ആനന്ദ്‌.

Read More: നിവിന്റെ നായികയാകാന്‍ പ്രിയ വേണ്ടെന്നു വച്ചത് മൂന്നു ചിത്രങ്ങള്‍

വളരെ ചുരുങ്ങിയ ഒരു കാലയളവിൽ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച ഒരു നായികയാണ് പ്രിയ. അഭിനയിച്ച സിനിമകൾ പലതും മികച്ച വിജയം നേടിയപ്പോഴും കാമ്പുള്ള കഥാപാത്രങ്ങളാണ് താന്‍ തേടിയത് എന്ന് പ്രിയ പറയുന്നു. ചെന്നൈയിൽ ജനിച്ച പ്രിയ അമേരിക്കയിലെ പഠനത്തിന് ശേഷം മോഡലിങ്ങിൽ തുടങ്ങി ഒട്ടനവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം 2009 ലെ ‘വാമനൻ’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. വിവിധ ഭാഷകളിൽ മുൻ നിര നായകന്മാരോടൊപ്പം പത്തോളം സിനിമയിൽ അഭിനയിച്ച പ്രിയക്ക് 2017 വിജയ വര്‍ഷമായിരുന്നു. മലയാളത്തിലെ കന്നി ചിത്രമായ ‘എസ്ര’, കന്നഡ ചിത്രം ‘രാജകുമാര’, ഹിന്ദി ചിത്രം ”ഫുക്രെ റിട്ടേണ്‍സ്’ ഇവയെല്ലാം തന്നെ ബോക്സ്‌ ഓഫീസില്‍ വിജയം കണ്ടു.

“ഏതു ഒരു സിനിമയും കമ്മിറ്റ് ചെയ്യുന്നതിന് മുമ്പ് എനിക്ക് ഈ സിനിമയിൽ നിന്നും എന്ത് പഠിക്കാൻ കഴിയും എന്നതിന് കുറിച്ച് ആലോചിക്കും. സിനിമയിൽ വന്നത് കൊണ്ട് കിട്ടുന്ന ക്യാരക്ടർ എല്ലാം ചെയ്യാൻ താല്പര്യം ഇല്ല”, പ്രിയ തന്‍റെ നിലപാട് വ്യക്തമാക്കി.

ചിത്രങ്ങള്‍. ഫേസ്ബുക്ക്‌/പ്രിയാ വജ് ആനന്ദ്‌ 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ