സിനിമയില്‍ സഹ സംവിധായക ആകണം എന്നാഗ്രഹിച്ച് വന്നതാണ് പ്രിയ ആനന്ദ്‌. ശങ്കറിനെ അസ്സിസ്റ്റ്‌ ചെയ്യണം എന്ന് സ്വപ്നം കണ്ട പ്രിയ ഇപ്പോള്‍ സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടികളില്‍ ഒരാളാണ്. മലയാളത്തില്‍ മോഹന്‍ലാലിനും, നിവിന്‍ പോളിയ്ക്കുമൊപ്പം ‘കായംകുളം കൊച്ചുണ്ണിയില്‍’ അഭിനയിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് താരം.

മാധ്യമ വിദ്യാര്‍ഥിയായിരുന്ന പ്രിയ ആനന്ദിന് നിര്‍മ്മാണത്തിലായിരുന്നു ആദ്യം താൽപര്യം. എന്നാല്‍ സിനിമ ലോകത്തെ മോഹങ്ങളില്‍ അവസാനം എത്തിപ്പെട്ടത് നായിക സ്ഥാനത്ത്.

“ആദ്യം നടിയാകാനുള്ള ഓഫറുകള്‍ വന്നപ്പോള്‍ ഇവിടെ നിന്ന് തുടങ്ങാം എന്നാണ് ഞാന്‍ കരുതിയത്. തുടക്കത്തില്‍ എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ലായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാലും ഒടുവില്‍ എവിടെയും എത്തില്ല. എത്രത്തോളം വിഷമകരമാണ് അഭിനയം എന്നെനിക്ക് ഒടുവില്‍ മനസിലായി. പക്ഷേ അതിനേക്കാള്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്‌ സംവിധായകന്‍റെ ജോലി. റോഷന്‍ ആന്‍ഡ്രൂസിനെ പോലുള്ള സംവിധായകരുടെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ പലതും ഞാന്‍ കണ്ട് പഠിക്കാന്‍ ശ്രമിക്കാറുണ്ട്,” പ്രിയ പറഞ്ഞു.

കായംകുളം കൊച്ചുണ്ണിയെക്കുറിച്ചും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെക്കുറിച്ചും പറയുമ്പോഴുമെല്ലാം വലിയ അഭിപ്രായമാണ് താരത്തിന്.

“തന്‍റെ കഥാപാത്രങ്ങള്‍ എന്തൊക്കെ ചെയ്യണം എന്ന് റോഷന്‍ ആന്‍ഡ്രൂസിന് വ്യക്തമായി അറിയാം. എത്ര തവണ കണ്ണടയ്ക്കണം, ശ്വാസം എടുക്കണം, ശ്വാസം വിടണം എന്ന് പോലും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. അദ്ദേഹം പറയുന്നത് ചെയ്യേണ്ട ആവശ്യമേ എനിക്കുള്ളൂ.”

നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹമുള്ള പ്രിയക്ക് മലയാള സിനിമകള്‍ കൈകാര്യം ചെയ്യുന്ന കഥകളും ഒരുപാട് ഇഷ്ടമാണ്. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടെന്നാണ് പ്രിയ പറയുന്നത്. കൂടാതെ വിവിധ തരത്തിലുള്ള പരീക്ഷണങ്ങളും നടത്തും.

“വളരെ വ്യത്യസ്തമായ കഥകള്‍ കൈകാര്യം ചെയ്യുന്നുണ്ട് മലയാളം സിനിമ. സ്ത്രീകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന കഥാപാത്രങ്ങളുമുണ്ട്. പല തരത്തിലുള്ള വിഷയങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. അത്തരത്തില്‍ ഒരു കഥാപാത്രമാണ് ഞാന്‍ ചെയ്യുന്ന ജാനകി,” കായംകുളം കൊച്ചുണ്ണിയിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ച് കൗതുകത്തോടെ പ്രിയ ആനന്ദ്‌ പങ്കുവച്ചു.

കായംകുളം കൊച്ചുണ്ണി കൂടാതെ തമിഴില്‍ ബാലാജിയുടെ എല്‍കെജിയും, കന്നടയിലെ ഗോള്‍ഡന്‍ സ്റ്റാറായ ഗണേഷിന്‍റെ കൂടെ അഭിനയിക്കുന്ന ഓറഞ്ചുമാണ് പ്രിയയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍. രാഷ്ട്രീയ ആക്ഷേപഹാസ്യമായ എല്‍കെജിയിലെ കഥാപാത്രവും സാധാരണയില്‍ നിന്ന് വ്യത്യസ്തമായ വേഷമാണെന്നാണ് താരം പറയുന്നത്.

“രാഷ്ട്രീയത്തെപ്പറ്റി ബാലാജിയ്ക്ക് പറഞ്ഞു കൊടുക്കുന്ന വളരെ ശക്തമായ കഥാപാത്രമാണ് എല്‍കെജിയിലെ നായിക. നായകനും, നായികയും ആദ്യമാത്രയില്‍ തന്നെ പ്രണയത്തില്‍ ആകുന്ന സ്ഥിരം ശൈലിയിലുള്ള സിനിമയല്ലത്. അതുകൊണ്ട് തന്നെ അതെനിക്ക് വളരേ ഉന്മേഷം നല്‍കുന്ന കഥാപാത്രമാണ്,” താരം പറയുന്നു.

പൃഥ്വിരാജിന്‍റെ കൂടെ ‘എസ്ര’ ആയിരുന്നു പ്രിയയുടെ ആദ്യ മലയാള ചിത്രം. മുമ്പ് അല്‍ഫോന്‍സ് പുത്രന്‍റെ ‘നേര’ത്തില്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഓഫര്‍ വന്നെങ്കിലും അതിന്‌ സാധിക്കാതെ പോയ നായികയ്ക്ക്, തമാശ കളിക്കുന്ന നിവിന്‍ ക്യാമറയ്ക്ക് മുന്നില്‍ കൊച്ചുണ്ണിയായി മാറുന്നത് കാണുമ്പോള്‍ അതിശയമാണ്. മോഹന്‍ലാലിനെ കണ്ടതാണ് മറ്റൊരു മറക്കാനാകാത്ത അനുഭവം.

“മാംഗ്ലൂര്‍ ഷൂട്ടിങ്ങിന് പോയപ്പോഴാണ് മോഹന്‍ലാലിനെ കാണുന്നത്. അദ്ദേഹത്തിന് എന്‍റെ പേര് പോലും അറിയില്ല എന്നാണു ഞാന്‍ കരുതിയത്. എന്നാല്‍ എന്നെ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു അദ്ദേഹം,” മലയാളികളുടെ പ്രിയ താരത്തിനോടുള്ള ആരാധനയോടെ പ്രിയ പറഞ്ഞു.

കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ നിന്നും കന്നഡ ചിത്രമായ ഓറഞ്ചിന്‍റെ ഷൂട്ടിങ് തിരക്കിലാണ് പ്രിയ ആനന്ദ്‌ ഇപ്പോള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ