നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കാനായി പ്രിയാ ആനന്ദ് വേണ്ടെന്ന് വച്ചത് നേരത്തെ സൈന്‍ ചെയ്ത മൂന്നു ചിത്രങ്ങള്‍. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള താല്‍പര്യം കൊണ്ടാണ് താന്‍ മറ്റ് ചിത്രങ്ങള്‍ ഒഴിവാക്കിയതെന്ന് പ്രിയ. തന്നെയുമല്ല മലയാളത്തിലെ ഏറ്റവും പ്രമുഖരില്‍ ഒരാള്‍ക്കൊപ്പം അഭിനയിക്കുന്നു എന്നതും തന്നെ ആകര്‍ഷിച്ചുവെന്നും പ്രിയ വ്യക്തിമാക്കി.

നേരത്തേ നിവിന്റെ നായികയായി തീരുമാനിച്ചിരുന്നത് നടി അമല പോളിനെയായിരുന്നു. എന്നാല്‍ ഡേറ്റുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ താന്‍ ചിത്രത്തില്‍ നിന്നു പിന്മാറിയതായി അമല തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് അമല പോള്‍. ഈ വര്‍ഷം രണ്ടു ചിത്രങ്ങളാണ് തമിഴില്‍ പുറത്തിറങ്ങിയത്.

Read More: എന്നെ മാറ്റിയതല്ല, ഞാൻ സ്വയം പിന്മാറിയതാണ്: അമല പോൾ

പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയിലെ നായികയായിട്ടാണ് പ്രിയാ ആനന്ദ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രിയ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ്.

നാല് മുതല്‍ അഞ്ച് മാസത്തോളം ഷൂട്ട് ചെയ്താല്‍ മാത്രമേ കായംകുളം കൊച്ചുണ്ണിയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാകുകയുള്ളൂ. ഇതിനിടയില്‍ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുക അത്ര എളുപ്പമല്ല. പീരിഡ് ചിത്രമായതിനാല്‍ ലുക്കിലും മറ്റും വലിയ മാറ്റങ്ങള്‍ ആവശ്യവുമാണ്. അതിനാലാണ് താന്‍ മറ്റു ചിത്രങ്ങള്‍ ഒഴിവാക്കിയതെന്നാണ് പ്രിയ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ