scorecardresearch
Latest News

തെറ്റുപറ്റി, ക്ഷമ ചോദിക്കുന്നു: കടുവയിലെ ഭിന്നശേഷി കുട്ടികളെ കുറിച്ചുള്ള പരാമർശത്തിൽ പൃഥ്വിരാജ്

ചിത്രത്തിൽ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന സംഭാഷണം വിവാദമായിരുന്നു. ഇതിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസും നടൻ പൃഥ്വിരാജും

Prithviraj Sukumaran, Prithviraj, Mullapperiyar, Mullapperiyar Dam, പൃഥ്വിരാജ്, മുല്ലപ്പെരിയാർ, മുല്ലപ്പെരിയാർ അണക്കെട്ട്, IE Malayalam

മലയാളത്തിനു അനേകം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ഷാജി കൈലാസ് ഒരു ഇടവേളക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ‘കടുവ.’ പൃഥ്വിരാജാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന സംഭാഷണം വിവാദമായിരുന്നു. ഇതിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസും നടൻ പൃഥ്വിരാജും.

‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നുവെന്ന് ഷാജി കൈലാസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

”സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. ‘കടുവ’യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ….മാപ്പ്,” ഷാജി കൈലാസ് കുറിച്ചു.

ഷാജി കൈലാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് പൃഥ്വിരാജ് മാപ്പ് ചോദിച്ചത്. ”ക്ഷമിക്കണം. അത് ഒരു പിശക് ആയിരുന്നു. ഞങ്ങൾ അത് അംഗീകരിക്കുന്നു,” പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

കടുവ സിനിമയിലെ സംഭാഷണം 2016-ലെ ഭിന്നശേഷി അവകാശനിയമം 92-വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി പരിവാർ കേരള എന്ന ഭിന്നശേഷി സംഘടന ജനറൽ സെക്രട്ടറി ആർ. വിശ്വനാഥനാൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംവിധായകൻ, നിർമാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവിട്ടിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Pritviraj and shaji kailas say sorry to kaduva movie dialogue