നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പൃഥ്വിരാജിന്റെ ഭാര്യയും ‘നയന്‍’ എന്ന സിനിമയുടെ സഹനിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറച്ചു.

“ലിവിങ് ലെജെന്‍ഡുകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ അവസരം കിട്ടുമ്പോള്‍…”, ലാലേട്ടന്‍, ഫാസില്‍ അങ്കിള്‍, ലൂസിഫര്‍ എന്നും ഹാഷ് ടാഗ് ചേര്‍ത്താണ് സുപ്രിയ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തത്.

സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സിനിമയിലെ അഭിനേതാക്കളായ മോഹന്‍ലാല്‍, ഫാസില്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള ‘ലൂസിഫര്‍’ അണിയറപ്രവര്‍ത്തകര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ഈ പിറന്നാള്‍ ദിനത്തിലെ വലിയ സന്തോഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നതു കാണുന്നതാണ് എന്നും ഈ വര്‍ക്കിങ് ബെര്‍ത്ത്ഡേയ്ക്ക് പകരമായി ഒരു അവധിക്കാലം വേണം എന്നും ആവശ്യപ്പെട്ടു. ലൂസിഫര്‍ ആയതു കൊണ്ട് താന്‍ പരാതി പറയുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ് മോഹന്‍ലാലിനെ ഡയറക്ട് ചെയ്യുന്ന ഒരു ചിത്രവും ഇരുവരുടേയും ആരാധകര്‍ക്കായി സുപ്രിയ പങ്കുവച്ചു.

Prithviraj directing Mohanlal in Lucifer

“ഭാര്യയും, അടുത്ത സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയും, പിന്നെ എന്റെ എല്ലാമെല്ലാല്ലാമായവള്‍ക്ക്… പിറന്നാള്‍ ആശസകള്‍”, എന്നാണ് ഭാര്യയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് പൃഥ്വിരാജ് പറഞ്ഞത്.

മലയാള സിനിമയിലെ ‘പവര്‍ കപ്പിള്‍’ ആണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍  25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള നാല് വയസ്സുകാരി മകളുമുണ്ട് ഇവര്‍ക്ക്.

തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനേയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.

Read More: പൃഥ്വിരാജും സുപ്രിയയും പ്രണയത്തിലാവാന്‍ കാരണം ഈ പുസ്‌തകങ്ങളാണ്

“തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടു കൊണ്ടിരിക്കുകയാണ് ‘തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്‌തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടു പേര്‍ക്കും ഇഷ്‌ടമുള്ള പുസ്‌തകം അയന്‍ റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു.”, പൃഥ്വിരാജ് ഓര്‍മ്മിച്ചു.

തന്റെ ആദ്യ സംവിധാന സംരഭമായ ‘ലൂസിഫറി’ന്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനായ ‘ലൂസിഫറി’ന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ പൃഥ്വി അപ്പപ്പോഴായി ആരാധകര്‍ക്കായി പങ്കു വയ്ക്കുന്നുണ്ട്‌. ഏറ്റവുമൊടുവില്‍, മഴ വില്ലനായി എത്തിയതിനെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വയ്ക്കേണ്ടി വന്നതിനെക്കുറിച്ചായിരുന്നു. പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണിയുമായി ചേര്‍ന്ന് ഒരുക്കുന്ന ചിത്രമായ ‘നയനി’ന്റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. പൃഥ്വിരാജ്, മമ്ത മോഹന്‍ദാസ് എന്നിവര്‍ അഭിനയിക്കുന്ന ‘നയന്‍’ സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദ്‌ ആണ്.

Read More: ലൂസിഫറിന് മഴ വില്ലനായി, ചിത്രീകരണ വിശേഷം പങ്കുവച്ച് പൃഥ്വി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook