വേണാടിന്റെ ചരിത്രത്തിലെ അത്യപൂർവ്വമായ ഒരു കഥാസന്ദർഭമാണ് ‘കാളിയ’ന്റെ തിരക്കഥയ്ക്ക് ആധാരമാകുന്നത്. വേണാടിന്റെ ചരിത്രപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയാണ് ‘കാളിയൻ’ പറയുന്നത്. “വിൽപ്പാട്ടുകളിൽ നിന്നും തമിഴ് നാടൻ പാട്ടുകളിൽ നിന്നുമെല്ലാം ലഭിച്ച വേണാട്- മധുര യുദ്ധകാല കഥകളും അറിയപ്പെടാതെ പോയ വീരകഥകളുമെല്ലാം ‘കാളിയ’ന്റെ തിരക്കഥയൊരുക്കുന്നതിൽ പ്രയോജനപ്പെട്ടുത്തിയിട്ടുണ്ട്, ചരിത്രത്തിൽ അധികം അറിയപ്പെടാതെ പോയവരെ കുറിച്ചുള്ള ചിത്രമായിരിക്കും കാളിയൻ” ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബി.ടി.അനില്‍ കുമാർ പറയുന്നു.
നവാഗതനായ എസ്.മഹേഷ് ആണ് ‘കാളിയ’ന്റെ സംവിധായകൻ. പ്രശസ്ത സംഗീതത്രയങ്ങളായ ശങ്കര്‍-എഹ്‌സാന്‍-ലോയ് ടീം ആണ് സംഗീത സംവിധാനം. ശങ്കർ മഹാദേവൻ, എഹ്സാൻ നൂറാനി, ലോയ് മെന്ഡോൺസ എന്നീ പ്രതിഭകളുടെ കൂട്ടായ്മയായ ശങ്കര്‍-എഹ്‌സാന്‍-ലോയ് ടീം ആദ്യമായി സംഗീതം നിർവ്വഹിക്കുന്ന മലയാളചിത്രം കൂടിയാണ് ‘കാളിയന്‍’. സുജിത് വാസുദേവ് ആണ് ക്യാമറ. പ്രശസ്ത ബോളിവുഡ് സൗണ്ട് ഡിസൈനർ ഷജിത് കൊയേരിയാണ് ‘കാളിയ’ന്റെ ശബ്ദസംവിധാനം നിർവ്വഹിക്കുക. തമിഴ് നടൻ സത്യരാജും ‘കാളിയ’നിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രധാന കഥാപാത്രങ്ങളുടെ ഗ്രാഫിക്ക് സ്കെച്ച് ഒരുക്കുക എന്ന പതിവു രീതിയിൽ നിന്നും മാറി, സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളുടെയും ഗ്രാഫിക്സ് സ്കെച്ച് ഒരുക്കി വേറിട്ട സമീപനം സ്വീകരിക്കുകയാണ് ‘കാളിയൻ’ ടീം. വളരെ വിശദമായ ഈ ക്യാരക്ടർ ഡിജിറ്റൽ സ്കെച്ച് കൂടി പരിഗണിച്ചാവും ഓഡിയേഷൻ എന്ന് അണിയറപ്രവർത്തകർ അറിയിക്കുന്നു. കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾക്കിണങ്ങിയ അഭിനേതാക്കളെ കണ്ടെത്താൻ ഈ ഡിജിറ്റൽ സ്കെച്ച് സഹായകരമാവുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ഇന്ത്യയിലെയും വിദേശത്തെയും മികച്ച അനിമേഷൻ വിഷ്വലൈസിങ് വിദഗ്‌ധരാണ് ‘കാളിയ’നു വേണ്ടി ഡിജിറ്റൽ സ്കെച്ചുകൾ ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രീ- വിഷ്വലൈസേഷന്‍ ഡിജിറ്റല്‍ സ്റ്റോറി ബോര്‍ഡ് തയ്യാറാക്കുന്ന ജോലികളിലാണ് ‘കാളിയൻ’ ടീം ഇപ്പോൾ.
ആടുജീവിതത്തിനു ശേഷമാവും ‘കാളിയ’ന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ആടുജീവിതത്തിനു വേണ്ടി പൃഥിയ്ക്ക് ശരീരഭാരം കുറച്ച് മെലിയണമെന്നുള്ളതു കൊണ്ട്, തിരിച്ച് ശരീരം പഴയ രീതിയിൽ ആകാനുള്ള സമയം കൂടി പൃഥിയ്ക്ക് നൽകിയതിനു ശേഷമാവും ‘കാളിയ’ന്റെ ചിത്രീകരണം ആരംഭിക്കുക.
‘അടവ് പഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനെ.. നായിക്കരണ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്‍പ്പിച്ചോളു.. പത്തുക്കൊന്നോ നൂറുക്കൊന്നോ പക്ഷെ തിരുമലക്കോട്ടയുടെ കവാടം വരെ ഞാനെന്തിന് എത്തിയോ അതും കൊണ്ടേ മടങ്ങു. വാഴുന്ന മണ്ണിനും വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ കാളിയന്‍” ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന പൃഥിരാജ് ചിത്രമാണ് ‘കാളിയൻ’. പൃഥിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ കൂടിയാവും ‘കാളിയൻ’.