നടൻ, ഗായകൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര ചാർത്തിയ പ്രതിഭയാണ് പൃഥ്വിരാജ്. ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകം കൂടിയാണ് ഈ താരം. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ അടക്കം നൂറിലേറെ ചിത്രങ്ങളിൽ പൃഥ്വിരാജ് ഇതിനകം അഭിനയിച്ചു കഴിഞ്ഞു.
തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട,നെഞ്ചോടെ ചേർക്കുന്ന അഞ്ചു സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. നന്ദനം, വെള്ളിത്തിര, വർഗ്ഗം, ലൂസിഫർ, അയ്യപ്പനും കോശിയും എന്നിവയെല്ലാം ചില പ്രത്യേക കാരണങ്ങൾ കൊണ്ട് തനിക്കു പ്രിയപ്പെട്ട ചിത്രങ്ങളാണെന്നാണ് പൃഥ്വിരാജ് പറയുന്നത്.
“ഒരിക്കലും ഒരു നടനാവുമെന്ന് ഞാൻ കരുതിയിരുന്നില്ല. പുസ്തകപുഴുവായിരുന്ന ഞാൻ സിവിൽ സർവീസിൽ പോവുമെന്നായിരുന്നു കുടുംബാംഗങ്ങളിൽ പലരും കരുതിയിരുന്നത്.അതുകൊണ്ട് തന്നെ ആദ്യത്തെ ചിത്രം നന്ദനം ഏറെ പ്രിയപ്പെട്ടതാണ്. മറ്റൊരിടത്തു നിന്ന് എന്നെ സിനിമയിലേക്ക് കൊണ്ടുവന്ന ചിത്രമാണ് നന്ദനം.”
“ഭദ്രൻ സാർ സംവിധാനം ചെയ്ത വെള്ളിത്തിരയാണ് വ്യക്തിപരമായി ഞാൻ ചേർത്തുപിടിക്കുന്ന മറ്റൊന്ന്. ചിത്രത്തിന്റെ റിലീസിന്റെ അന്ന് കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ ആണ് ഞാൻ താമസിക്കുന്നത്. ഹോട്ടലിന്റെ ചുമരിനോട് ചേർന്നാണ് കവിത തിയേറ്റർ. സംവിധായകൻ ജയരാജ് സാർ അന്നെന്റെ റൂമിലേക്ക് വന്നു. ചിത്രത്തിന്റെ പ്രതികരണം എങ്ങനെയുണ്ടെന്നറിഞ്ഞോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹം ജനലിലെ ബ്ലൈൻഡ്സ് നീക്കി കാണിച്ചു തന്നു. താഴെ കവിത തിയേറ്ററിനു മുന്നിൽ സിനിമ കാണാൻ നിൽക്കുന്നവരുടെ നീണ്ട ക്യൂ, ക്യൂ നീണ്ട് എംജി റോഡോളം എത്തിയിരുന്നു. എന്നെ കാണാനല്ല, ഭദ്രൻ സാറിന്റെ സിനിമയ്ക്കായാണ് ആ ക്യൂ എന്നറിയാമായിരുന്നു, പക്ഷേ എന്നെ സംബന്ധിച്ച് മറക്കാനാവാത്തൊരു മുഹൂർത്തമായിരുന്നു അത്.”
“വർഗ്ഗം ഒരു നടനെന്നതിനപ്പുറത്തേക്ക് ഞാൻ കൂടുതൽ ഇൻവോൾവ് ചെയ്ത ചിത്രമാണ്. അതിന്റെ സംവിധായകനായ പത്മകുമാർ എന്റെ ആദ്യ ചിത്രമായ നന്ദനത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഒരർത്ഥത്തിൽ ഒന്നിച്ച് വളരുകയായിരുന്നു ഞങ്ങൾ. ആ സിനിമയുടെ ലൊക്കേഷനും ഷൂട്ടിങ്ങുമെല്ലാം ഞാനൊരുപാട് ആസ്വദിച്ചിട്ടുണ്ട്.”
“മറ്റൊരു ചിത്രം തീർച്ചയായും ലൂസിഫർ ആണ്. അയ്യപ്പനും കോശിയുമാണ് മറ്റൊന്ന്. മനോഹരമായ ചിത്രം, മികച്ച സ്ക്രിപ്റ്റ്, ഐക്കോണിക് കഥാപാത്രങ്ങൾ… അതു മാത്രമല്ല, ഒരുപാട് നല്ല മുഹൂർത്തങ്ങൾ ഉണ്ട് ആ ചിത്രവുമായി ബന്ധപ്പെട്ട്, എനിക്കു മാത്രമല്ല സച്ചിയ്ക്കും.”
അയാളും ഞാനും തമ്മിൽ, മെമ്മറീസ്, മുംബൈ പൊലീസ് തുടങ്ങി കരിയറിൽ മറക്കാനാവാത്ത ചിത്രങ്ങൾ വേറെയുമുണ്ടെന്നും എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ഏറ്റവും പ്രിയപ്പെട്ടതാവുന്നത് മുകളിൽ പറഞ്ഞവയാണെന്നും പൃഥ്വി കൂട്ടിച്ചേർത്തു. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിനിടെയാണ് പ്രിയപ്പെട്ട ചിത്രങ്ങളെ കുറിച്ച് പൃഥ്വി മനസ്സു തുറന്നത്.
2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് എന്ന നടന്റെ ഉദയം. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പൃഥ്വിയെ തേടിയെത്തി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ ‘അയാളും ഞാനും തമ്മിൽ’, ‘സെല്ലുലോയിഡ്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും നേടി. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന റെക്കോർഡാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സ്വന്തമാക്കിയത്.
Read more: Cold Case Review & Rating: നിഗൂഢതകളുടെ യുക്തിയും യുക്തിരാഹിത്യവും; ‘കോൾഡ് കേസ്’ റിവ്യൂ
പൃഥ്വി നായകനായ കുറ്റാന്വേഷണ ചിത്രം ‘കോൾഡ് കേസ്’ കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസിനെത്തിയിരുന്നു. ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്.