പൃഥ്വിരാജിനോടുള്ള സ്‌നേഹം തന്നെയാണ് പൃഥ്വിയുടെ മകള്‍ അലംകൃത എന്ന അല്ലിമോളോടും മലയാളികള്‍ക്കുള്ളത്. അല്ലിമോളുടെ കുസൃതികളും തമാശകളുമെല്ലാം ഇടയ്ക്കിടെ സുപ്രിയയും പൃഥ്വിയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇക്കുറി അല്ലിമോൾ പിയാനോ വായിക്കുന്ന വീഡിയോ ആണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.

പിയാനോ വായിക്കുന്നതിനോടൊപ്പം തന്നെ അല്ലി പാട്ടും പാടുന്നുണ്ട്. ഒരു ഇംഗ്ലീഷ് ഗാനമാണ് അല്ലി പാടുന്നത്. പുറം തിരിഞ്ഞിരുന്ന് പിയാനോ വായിക്കുന്ന അല്ലിയുടെ മുഖം വീഡിയോയിൽ വ്യക്തമല്ല. പക്ഷെ ഇതാദ്യമായാണ് ഇങ്ങനെയൊരു വീഡിയോ സുപ്രിയ പങ്കുവയ്ക്കുന്നത്.

വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ പൃഥ്വിരാജും സുപ്രിയയും മകള്‍ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Read More: ഞാൻ അല്ലി, നീയോ?: മകളുടെ ചിത്രങ്ങൾ പങ്കു വച്ച് സുപ്രിയ

മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അധികം പോസ്റ്റ് ചെയ്യാറില്ലെങ്കിലും മകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൃഥ്വിയും സുപ്രിയയും ഫെയ്സ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. അല്ലി മോളുടെ പിറന്നാള്‍, ആദ്യമായി സ്‌കൂളില്‍ പോകുന്ന ദിവസം തുടങ്ങിയ വിശേഷങ്ങളൊക്കെ പൃഥിയും സുപ്രിയയും ആരാധകരുമായി പങ്കുവച്ചിരുന്നു.

Read More: ദാദയുടെ സൂര്യോദയം, മമ്മയുടെ ജീവന്റെ വെളിച്ചം; പൃഥ്വിയുടെ അല്ലിമോൾക്ക് ഇന്ന് 5 വയസ്

ആദ്യമായി പൃഥ്വിരാജ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അല്ലിയുടെ മറ്റൊരു പിറന്നാള്‍ ദിവസമായിരുന്നു. ‘നീ വളരുന്നത് കാണുന്നതാണ് നിന്റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ ദീപ്തമാക്കാന്‍ സാധിക്കട്ടെ നിനക്ക്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.

നിലവിൽ ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്. അട്ടപ്പാടിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പൃഥ്വിരാജിനൊപ്പം ബിജു മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘അനാര്‍ക്കലി’ എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചന നിർവഹിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ അയ്യപ്പൻ എന്ന കഥാപാത്രമായി ബിജു മേനോനും കോശി എന്ന കഥാപാത്രമായി പൃഥ്വിരാജും എത്തുന്നു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടറായാണ് ബിജു മേനോന്‍ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. 16 വര്‍ഷത്തെ പട്ടാള സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook