മലയാളികളുടെ പ്രിയ താരം നസ്രിയ നസീമിന്റെ 27-ാം പിറന്നാൾ ആണിന്ന്. പ്രേക്ഷകർക്ക് എന്നതു പോലെ സിനിമ മേഖലയിലുള്ളവർക്കും നസ്രിയ പ്രിയങ്കരിയാണ്. സിനിമാ രംഗത്തെ നിരവധി പേർ നസ്രിയക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.
എന്നാൽ ജന്മദിനത്തിൽ തന്റെ ഇളയ സഹോദരൻ നവീൻ നസീമിന് ജന്മദിന ആശംസ നേർന്നുകൊണ്ടുള്ള ഒരു പോസ്റ്റാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ജന്മദിനം ഒരേദിവസമാണ്. തന്റെ എല്ലാകാലത്തേയും ഏറ്റവും മികച്ച പിറന്നാൾ സമ്മാനം എന്നാണ് നസ്രിയ നവീനിനെ ഈ ആശംസയിൽ വിശേഷിപ്പിക്കുന്നത്.
“ജന്മദിനാശംസകൾ ഇച്ചു !! എന്നന്നേക്കും എന്റെ ഏറ്റവും മികച്ച ജന്മദിന സമ്മാനവും ആദ്യത്തെ കുട്ടിയും! വാക്കുകൾക്കതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു,” നസ്രിയ കുറിച്ചു
“ഞങ്ങൾ ഒരേ ജന്മദിനം പങ്കിടുന്നു … എന്റെ ആദ്യ ജന്മദിന സമ്മാനം അവനായിരുന്നു.നന്ദി ഉമ്മ വാപ്പ,” നസ്രിയ കുറിച്ചു.
ദുൽഖർ സൽമാൻ പൃഥ്വിരാജ് എന്നിവർ നസ്രിയക്ക് ജന്മദിനാശംസകൾ നേർന്നു. “ഏറ്റവും മികച്ച ജന്മദിനം ആശംസിക്കുന്നു,” എന്ന് ദുൽഖർ കുറിച്ചു. അനുജത്തിക്ക് പിറന്നാളാശംസ നേരുന്നുവെന്ന് പൃഥ്വിയും കുറിച്ചു. നസ്രിയ തനിക്ക് ഒരു കുഞ്ഞനുജത്തിയെപ്പോലെയാണെന്ന് മുൻപും പൃഥ്വി പറഞ്ഞിട്ടുണ്ട്.
“സിനിമാ മേഖലയിൽ കൂടുതല്‍ പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ്. ഫോണിലൂടെ സംസാരിച്ചപ്പോള്‍ നസ്രിയയോട് അങ്ങനെയൊരു ഫീലാണ് തോന്നിയിട്ടുള്ളത്. നസ്രിയ ഇടയ്ക്കിടെ വീട്ടില്‍ വരും. മകളുടെ അടുത്ത സുഹൃത്താണ്” പൃഥ്വിരാജ് പറഞ്ഞു.
“നസ്രിയയെ പരിചയപ്പെടും മുന്‍പേ സഹോദരി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ കുടുംബത്തിലെ ഏറ്റവും ഇളയവനാണ്. കസിന്‍സ് എല്ലാവരും എന്നെക്കാൾ മുതിര്‍ന്നവരാണ്. ഏറ്റവും ഇളയതായതുകൊണ്ട് എനിക്ക് താഴെയൊരു സഹോദരി വേണമെന്ന ആഗ്രമുണ്ടായിരുന്നു” എന്നാണ് ഒരിക്കൽ പൃഥ്വി അഭിമുഖത്തിൽ പറഞ്ഞത്.
നസ്രിയയ്ക്കും ഇരട്ട സഹോദരൻ നസീമിനും ആശംസകൾ നേർന്ന് നടനും ഫഹദിന്റെ സഹോദരനുമായ ഫർഹാനും ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. “ക്രേസിയായ, രസികരായ,എപ്പോഴും പിന്തുണ നൽകുന്ന ഈ സഹോദരങ്ങൾക്ക് ജന്മദിനാശംസകൾ. മുന്നോട്ടുള്ള ജീവിതത്തിൽ നിങ്ങൾക്ക് എപ്പോഴും എല്ലാത്തിലും മികച്ചത് ലഭിക്കട്ടെ.”
2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്രിയ വിവാഹം. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നസ്റിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. ഇപ്പോൾ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ.
രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ ‘അന്റെ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു.
Read more: അസ്സലാമു അലൈക്കും ഞാൻ നിങ്ങളുടെ നസ്രിയ നസീം; ശ്രദ്ധ നേടി ത്രോബാക്ക് വീഡിയോ