സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്‍റെ ‘വിമാനം’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. സംവിധായകൻ പ്രദീപ് നായരുടെ കഴിവിൽ ആകൃഷ്ടനായ പൃഥ്വിരാജ് ഇദ്ദേഹത്തിനൊപ്പം പുതിയ ചിത്രവും പ്രഖ്യാപിച്ചു. ‘1904 മീറ്റർ ഗേജ്’ എന്നാണ് പുതിയ സിനിമയുടെ പേര്.

വിമാനത്തിന്റെ വളർച്ചാവഴിയെക്കുറിച്ച് വൈകാരികമായാണ് പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിൽ എഴുതിയിരിക്കുന്നത്.

“നാല് വർഷങ്ങൾക്ക് മുൻപുള്ള ഒരു വൈകുന്നേരമാണ് പ്രദീപിന്‍റെ വിമാനമെന്ന സ്ക്രിപ്റ്റ് കേൾക്കാൻ ഞാൻ ഇരിക്കുന്നത്. അന്ന് മുതൽ ഇന്ന് വരെ ആ സിനിമയുടെ വളർച്ചാകാലമായിരുന്നു. സിനിമയെ കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും അസ്തമിക്കുന്നു എന്ന് തോന്നിപ്പിച്ച ദിവസങ്ങളുണ്ടായിരുന്നു. അങ്ങിനെയിരിക്കെയാണ് ലിസ്റ്റിൻ സ്റ്റീഫൻ സ്ക്രിപ്റ്റ് കേൾക്കുന്നത്. എനിക്കുണ്ടായ അതേ അനുഭവമാണ് സ്ക്രിപ്റ്റ് കേട്ടപ്പോൾ അദ്ദേഹത്തിനും തോന്നിയത്.”

“നന്നായി ആസൂത്രണം ചെയ്ത്, ഏറ്റവും നന്നായി ചിത്രം ഷൂട്ട് ചെയ്യാനായി. ഈ പ്രൊജക്ട് ഏറ്റെടുത്തതിന് ലിസ്റ്റിൻ സ്റ്റീഫൻ നന്ദി അർഹിക്കുന്നുണ്ട്. പ്രദീപിന്‍റെയും സംഘത്തിന്‍റെയും ആത്മാർത്ഥമായ പരിശ്രമമാണ് മികച്ച രീതിയിൽ ചിത്രം ഷൂട്ട് ചെയ്യാൻ സാധിച്ചതിന്റെ കാരണം.”

“നാല് വർഷം പഴക്കമുള്ള എന്‍റെയും പ്രദീപിന്‍റെയും ബന്ധം ഇപ്പോഴും പുതിയത് പോലെയാണ് ഞങ്ങൾ ഇരുവർക്കും തോന്നിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രഖ്യാപനത്തിന് ഇതിനേക്കാൾ മികച്ചൊരു ദിവസം തിരഞ്ഞെടുക്കാനില്ല.”

“ഞങ്ങൾ ഇരുവരുടെയും സ്വപ്നമാണിത്. ഞങ്ങൾ വലിയ സ്വപ്നങ്ങൾ കാണുന്നു. എപ്പോഴാണെന്ന് ഇപ്പോൾ എന്നോട് ചോദിക്കരുത്. സ്ക്രിപ്റ്റിന് വളരെ ആഴത്തിലുള്ള ഏറെ പണച്ചിലവുള്ള ഗവേഷണം അത്യാവശ്യമാണ്.”

“ചരിത്രവും കൽപ്പിത കഥയും പ്രണയവും കെട്ടുപിണഞ്ഞുകിടക്കുന്ന മനുഷ്യന്‍റെ കൽപ്പനാശക്തി ആശ്ചര്യപ്പെടുത്തുന്നതാണ്. പ്രണയത്തിന് വേണ്ടി അസാധ്യമെന്ന് കരുതിയത് സാധ്യമാക്കുന്ന എൻജിനീയർ കുരുവിളയുടെ ജീവിതം അതുപോലെയൊന്നാണ്.”

തങ്ങളുടെ പുതിയ പ്രൊജക്ടിനും സിനിമ പ്രേമികളിൽ നിന്ന് പിന്തുണയഭ്യർത്ഥിച്ചാണ് പൃഥ്വിരാജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ