‘ആടുജീവിത’മെന്ന ചിത്രത്തിന് വേണ്ടി സ്വന്തം ശരീരം തന്നെ വിട്ടുകൊടുത്ത് വലിയ റിസ്കാണ് പൃഥ്വിരാജ് എന്ന നടൻ എടുത്തത്. ഇരുപത് കിലോയിലേറെ ഭാരമാണ് ചിത്രത്തിനായി പൃഥ്വിരാജ് കുറച്ചത്. ചിത്രത്തിന്റെ ജോർദ്ദാൻ ഷെഡ്യൂൾ പൂർത്തിയാക്കി കേരളത്തിൽ മടങ്ങിയെത്തിയ താരം ഇപ്പോൾ ക്വാറന്റെയിനിൽ കഴിയുകയാണ്. ക്വാറന്റെയിൻ ജീവിതത്തിനിടയിൽ ശരീരം പഴയരീതിയിലാക്കാനുള്ള വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരമിപ്പോൾ.

തന്റെ ജിം ബോഡി ചിത്രത്തിനൊപ്പം പൃഥ്വി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ശരീരത്തിന് പരിമിതികൾ ഉണ്ട്, പക്ഷേ മനസ്സിന് അതില്ലെന്നാണ് പൃഥ്വിരാജ് കുറിപ്പിൽ പറയുന്നത്. ‘ആടുജീവിത’ത്തിനായി അപകടകരമായ രീതിയിൽ മെലിഞ്ഞ പൃഥ്വി ഒരുമാസം കൊണ്ട് തന്റെ ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുകയാണ്.

“‘ആടുജീവിത’ത്തിനായി മെലിഞ്ഞ ശരീരം ഷൂട്ട് ചെയ്തിട്ട് ഒരു മാസമാകുന്നു. അവസാന ദിവസം, എന്റെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് അപകടകരമായ രീതിയിൽ കുറഞ്ഞിരുന്നു. അതിനുശേഷം ഒരുമാസം ശരീരത്തിനു ലഭിച്ച വിശ്രമവും ട്രെയിനിംഗും ഇന്ധനവും എന്നെ ഇവിടെ എത്തിച്ചു. എന്നെ ഏറ്റവും തളർന്ന രീതിയിൽ കണ്ട എന്റെ ക്രൂ ഇപ്പോൾ അത്ഭുതപ്പെടുമെന്നു കരുതുന്നു,” പൃഥ്വിരാജ് കുറിക്കുന്നു. ശോഷിച്ച അവസ്ഥയിൽ നിന്നും ഈ അവസ്ഥയിലേക്ക് എത്താൻ തന്നെ സഹായിച്ച ന്യൂട്രിഷനിസ്റ്റും ട്രെയിനറുമായ അജിത് ബാബുവിനും ശരീരം പൂർവസ്ഥിതിയിലാകാൻ അനുവദിച്ച ബ്ലെസിയ്ക്കും ആടുജീവിതം ടീമിനും താരം നന്ദി പറയുന്നുമുണ്ട് പോസ്റ്റിൽ.

Read more: ക്വാറന്റെയിനായിരിക്കും, എങ്കിലും അവനിങ്ങെത്തിയാൽ മതി: മല്ലിക സുകുമാരന്‍

മേയ് 22 നാണ് പൃഥ്വിയും ബ്ലെസിയും ‘ആടുജീവിതം’ ടീമും കേരളത്തിൽ എത്തിയത്. എയർ പോർട്ടിൽ നിന്ന് ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈനിലേക്കാണ് സംഘം നേരെ പോയത്. ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലാണ് പൃഥ്വിരാജ് ക്വാറന്റെയിനിൽ കഴിയുന്നത്.

Read more: ഞങ്ങൾക്കായി പ്രാർത്ഥിച്ചവർക്ക് നന്ദി; പൃഥ്വി തിരിച്ചെത്തിയ സന്തോഷത്തിൽ ഭാര്യ സുപ്രിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook