scorecardresearch

മോഹൻലാലിന്റെ ബറോസ്സിൽ പൃഥ്വി ഉണ്ടാവില്ല

ചിത്രീകരണം മാറ്റിവെച്ചതിനെ തുടർന്നുണ്ടായ ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് പൃഥ്വി ചിത്രത്തിൽ നിന്നും പിന്മാറുന്നത് എന്നാണ് റിപ്പോർട്ട്

മോഹൻലാലിന്റെ ബറോസ്സിൽ പൃഥ്വി ഉണ്ടാവില്ല

മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും ബറോസിനായി കാത്തിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചിരുന്നുവെങ്കിലും ലോക്ക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. ബറോസിനുവേണ്ടി ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് നടനും സംവിധായകനുമായ മോഹന്‍ലാല്‍ അറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, സിനിമയെ കുറിച്ചുള്ള മറ്റൊരു റിപ്പോർട്ടാണ് ശ്രദ്ധ നേടുന്നത്. ബറോസിൽ നിന്നും നടൻ പൃഥ്വിരാജ് പിന്മാറി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ബറോസിൽ പൃഥ്വിയുമുണ്ടെന്ന് മുൻപ് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രീകരണം മാറ്റിവെച്ചതിനെ തുടർന്നുണ്ടായ ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് പൃഥ്വി ചിത്രത്തിൽ നിന്നും പിന്മാറുന്നത് എന്നാണ് റിപ്പോർട്ട്. ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞാൽ ഉടൻ പൃഥ്വി ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കും. മേക്കോവറും മറ്റും ആവശ്യമായ ചിത്രമായതിനാൽ ആടുജീവിതത്തിനായി കൂടുതൽ സമയം നീക്കിവയ്ക്കേണ്ടി വരുമെന്നതിനാലാണ് ബറോസിൽ നിന്നും പൃഥ്വി പിന്മാറുന്നത്.

പൃഥ്വി മാത്രമല്ല, ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന വിദേശിപെൺകുട്ടി ഷെയ്‌ല മാക് കഫ്രിയയും ബറോസിൽ ഉണ്ടാവില്ല എന്നാണ് വിവരം. സിനിമയിലേക്ക് കാസ്റ്റ് ചെയ്യുമ്പോൾ ചെറിയ കുട്ടിയായിരുന്നു ഷെയ്‌ല മാക് കഫ്രി. എന്നാൽ ഷൂട്ടിങ് വൈകിയതോടെ കുട്ടി വളർന്നതും രൂപം മാറിയതുമാണ് പ്രശ്നമായത്.ഷെയ്‌ലയ്ക്ക് പകരം മുംബൈ സ്വദേശിനി മായയാണ് എത്തുക എന്നും വാർത്തകളുണ്ട്.

ഡിസംബർ 26 ന് ബറോസിന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം.

സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.

“ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്.’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോയെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്’ എന്ന സിനിമ ഉള്ളിൽ പിറന്നത്,” തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്.

ചിത്രത്തിൽ മോഹൻലാലിനൊപ്പം പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസിന്റെ നിർമാണം.

Read more: ‘വേണ്ട അങ്കിൾ, നമുക്കവരെ നെഗറ്റീവ് ആക്കേണ്ട’; ബറോസിന്റെ തിരക്കഥാകൃത്തിനോട് വിസ്മയ മോഹൻലാൽ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj withdraws from mohanlals barroz movie

Best of Express