“ഭാര്യയും, അടുത്ത സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയും, പിന്നെ എന്റെ എല്ലാമെല്ലാല്ലാമായവള്‍ക്ക്… പിറന്നാള്‍ ആശസകള്‍”, നടന്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിവ. പൃഥ്വിരാജിന്റെ ഭാര്യയും അദ്ദേഹത്തിന്റെ നിര്‍മ്മാണക്കമ്പനിയുടെ പങ്കാളിയുമായ സുപ്രിയാ മേനോന്റെ പിറന്നാള്‍ ആണ് ഇന്ന്.

തന്റെ ആദ്യ സംവിധാന സംരഭമായ ‘ലൂസിഫറി’ന്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനായ ‘ലൂസിഫറി’ന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ പൃഥ്വി അപ്പപ്പോഴായി ആരാധകര്‍ക്കായി പങ്കു വയ്ക്കുന്നുണ്ട്‌. ഏറ്റവുമൊടുവില്‍, മഴ വില്ലനായി എത്തിയതിനെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വയ്ക്കേണ്ടി വന്നതിനെക്കുറിച്ചായിരുന്നു. പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണിയുമായി ചേര്‍ന്ന് ഒരുക്കുന്ന ചിത്രമായ ‘നയനി’ന്റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി സുപ്രിയയും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. പൃഥ്വിരാജ്, മമ്ത മോഹന്‍ദാസ് എന്നിവര്‍ അഭിനയിക്കുന്ന ‘നയന്‍’ സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദ്‌ ആണ്.

Read More: ലൂസിഫറിന് മഴ വില്ലനായി, ചിത്രീകരണ വിശേഷം പങ്കുവച്ച് പൃഥ്വി

മലയാള സിനിമയിലെ ‘പവര്‍ കപ്പിള്‍’ ആണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍  25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള നാല് വയസ്സുകാരി മകളുമുണ്ട് ഇവര്‍ക്ക്.

പൃഥ്വിരാജിന്റെയും സുപ്രിയയുടേയും മകള്‍ അലംകൃത

തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനേയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.

“തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടു കൊണ്ടിരിക്കുകയാണ് ‘തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്‌തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടു പേര്‍ക്കും ഇഷ്‌ടമുള്ള പുസ്‌തകം അയന്‍ റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു.”, പൃഥ്വിരാജ് ഓര്‍മ്മിച്ചു.

Read More: പൃഥ്വിരാജും സുപ്രിയയും പ്രണയത്തിലാവാന്‍ കാരണം ഈ പുസ്‌തകങ്ങളാണ്

പുസ്‌തകങ്ങളെയും സിനിമയെയും പറ്റിയുള്ള ഇരുവരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് തുടങ്ങിയ സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നതും മറ്റൊരു പുസ്‌തകമാണ്. ആ സമയത്ത് വായിച്ചു കൊണ്ടിരുന്ന ‘ശാന്താറാം’ എന്ന ഗ്രിഗറി ഡേവിഡ്‌ റോബര്‍ട്ട്‌സ് പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വർണനയില്‍ മയങ്ങിയ പൃഥ്വിരാജ് ആ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അവിടേയ്‌ക്ക് പൃഥ്വിരാജിനെ കൊണ്ട് പോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ ഏല്‍ക്കുകയും ചെയ്‌തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ ‘ഹാജി അലി’, ലിയോപോള്‍ഡ്‌’ കഫെ’ എന്നിവ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് പിന്നീട് വെളിപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ