മലയാള സിനിമയുടെ ‘പവര്‍ കപ്പിള്‍’ ആണ് പൃഥ്വിരാജും സുപ്രിയയും. അഭിനയം, നിര്‍മ്മാണം, സംവിധാനം തുടങ്ങി കൈവച്ച മേഖലകളില്‍ എല്ലാം തന്നെ പ്രതിഭ തെളിയിച്ചവര്‍. പുതിയ സിനിമാ സംരംഭങ്ങളില്‍ അവര്‍ മുന്നേറുന്നത് ആഘോഷിക്കുന്നത് പോലെ തന്നെ ഇവരുടെ സ്വകാര്യജീവിതത്തിലെ സന്തോഷങ്ങളും ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ്.

സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് പൃഥ്വിരാജ് പങ്കു വച്ച പോസ്റ്റ്‌ ആണ് ഇപ്പോള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത്.

“എന്റെ പ്രിയപ്പെട്ട കൂട്ടുകാരി, ഭാര്യ, പ്രണയിനി, എന്റെ മകളുടെ അമ്മ… ഹാപ്പി ബര്‍ത്ത്ഡേ സുപ്രിയാ…” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍  25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള  മകളുമുണ്ട് ഇവര്‍ക്ക്.

തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനേയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.

“തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടു കൊണ്ടിരിക്കുകയാണ് ‘തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്‌തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടു പേര്‍ക്കും ഇഷ്‌ടമുള്ള പുസ്‌തകം അയന്‍ റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു.”, പൃഥ്വിരാജ് ഓര്‍മ്മിച്ചു.

പുസ്‌തകങ്ങളെയും സിനിമയെയും പറ്റിയുള്ള ഇരുവരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് തുടങ്ങിയ സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നതും മറ്റൊരു പുസ്‌തകമാണ്. ആ സമയത്ത് വായിച്ചു കൊണ്ടിരുന്ന ‘ശാന്താറാം’ എന്ന ഗ്രിഗറി ഡേവിഡ്‌ റോബര്‍ട്ട്‌സ് പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വർണനയില്‍ മയങ്ങിയ പൃഥ്വിരാജ് ആ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അവിടേയ്‌ക്ക് പൃഥ്വിരാജിനെ കൊണ്ട് പോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ ഏല്‍ക്കുകയും ചെയ്‌തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ ‘ഹാജി അലി’, ലിയോപോള്‍ഡ്‌’ കഫെ’ എന്നിവ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് പിന്നീട് വെളിപ്പെടുത്തിയത്.

Read More: പൃഥ്വിരാജും സുപ്രിയയും പ്രണയത്തിലാവാന്‍ കാരണം ഈ പുസ്‌തകങ്ങളാണ്

തന്റെ ആദ്യ സംവിധാനം സംരംഭമായ ‘ലൂസിഫറി’ന്റെ വലിയ വിജയത്തെത്തുടര്‍ന്ന് അതിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്.  ‘എമ്പുരാന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം എഴുതുന്നത്‌ മുരളി ഗോപി.  എമ്പുരാന്‍ ആകുന്നത് മോഹന്‍ലാല്‍.

സുപ്രിയ മേല്‍നോട്ടം വഹിക്കുന്ന  പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ രണ്ടാം നിര്‍മ്മാണ സംരംഭമായ ‘ഡ്രൈവിംഗ് ലൈസെന്‍സ്’ ചിത്രീകരണം പുരോഗമിക്കുന്നു.

Read More: ‘ഡ്രൈവിങ് ലൈസൻസു’മായി പൃഥ്വിരാജും ജീൻ പോൾ ലാലും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook