സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ എന്ന ചിത്രം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആ കൂട്ടുകെട്ട് ജീവിതത്തിലും പൃഥ്വിയും മുരളിയും കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇന്ന് മുരളി ഗോപിയുടെ പിറന്നാളാണ്. തന്റെ പ്രിയ സുഹൃത്തിന് പൃഥ്വിരാജ് പിറന്നാൾ ആശംസകൾ നേർന്നു.

Read More: അവൾക്കു വേണ്ടി ജീവിക്കണമെന്ന് ആഗ്രഹം തോന്നി; അർബുദത്തെ അതിജീവിച്ച ഇർഫാൻ

“എന്റെ സുഹൃത്തിന്, സഹോദരന്, കോ-ക്രിയേറ്റർക്ക് ജന്മദിനാശംസകൾ. നാം ഒരുമിച്ച് കണ്ട ലക്ഷക്കണക്കിന് സ്വപ്നങ്ങളുടെ ആരംഭം,” എമ്പുരാൻ എന്ന ഹാഷ്ടാഗോടെയാണ് പൃഥ്വി ഈ വാക്കുകൾ കുറിച്ചിരിക്കുന്നത്. പൃഥ്വിയുടെ പോസ്റ്റിന് നന്ദി അറിയിച്ച് മുരളി ഗോപിയും എത്തി.

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്’ പിന്നിലാണ് ഭരത് ഗോപിയുടെ മകനും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. നിലവിൽ കരാറിലുള്ള ചിത്രങ്ങൾ പൂർത്തിയാക്കിയിട്ട് ‘എമ്പുരാന്റെ’ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് പൃഥ്വിരാജ്.

കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫർ’ നടന്നുകയറുന്ന കാഴ്ചയാണ് പോയവർഷം മലയാള സിനിമാലോകം കണ്ടത്. അതുകൊണ്ട് തന്നെ ‘എമ്പുരാനെ’യും പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

“സീക്വല്‍ ആണെന്നു കരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുക. ആ കഥയിലേക്ക് കഥാപാത്രങ്ങൾ എങ്ങനെയെത്തി എന്നതും ചിത്രത്തിലുണ്ടാവും. അതിനൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തിലുണ്ടാകും,” ചിത്രം അനൗൺസ് ചെയ്തുകൊണ്ട് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. 2020 പകുതിയോടെ ചിത്രീകരണം ആരംഭിച്ച് 2021 വിഷുവിനു തിയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമമെന്നും പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook