ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൽമാന്റെ ജന്മദിനമാണ് ഇന്ന്. പ്രിയ സുഹൃത്തിന്റെ പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ആശംസ നേർന്നിരിക്കുന്നത്.
‘ഹാപ്പി ബർത്ത്ഡേ അമു’ എന്ന അടികുറിപ്പോടെ ദുൽഖറും അമാലും സുപ്രിയയും ഉള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.
വളരെ നല്ല വ്യക്തിതമാണ് അമാലിന്റെത് എന്ന് കുറിച്ചുകൊണ്ടാണ് സുപ്രിയ ആശംസകൾ നേർന്നിരിക്കുന്നത്.
Also read: മേഘ്ന രാജിന്റെയും ചിരഞ്ജീവി സർജയുടെയും കുഞ്ഞിന് പേരിട്ടു
2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ദുല്‍ഖറിന്റെ സിനിമയിലെ സൗഹൃദങ്ങള്‍ അമാലും നിലനിര്‍ത്തുന്നുണ്ട്. പൃഥ്വിയും സുപ്രിയയും നസ്രിയയും ഫഹദും എല്ലാം അമാലിന്റെ അടുത്ത സുഹൃത്തുക്കളാണ്. 2017 മേയ് 5നാണ് ദുൽഖറിനും അമാലിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന് ഇവര്‍ പേരിട്ടിരിക്കുന്നത്.
ഇന്റീരിയർ ഡിസൈനറാണ് അമാൽ. അടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തും അമാല്‍ താരമായിട്ടുണ്ട്. ഫഹദ് നസ്രിയ താരദമ്പതികളുടെ ഫ്‌ളാറ്റിന് ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്ത് നല്‍കിയത് അമാലായിരുന്നു. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. വരയ്ക്കാന്‍ ഏറെ ഇഷ്ടമുള്ള അമാല്‍ ഒരിക്കല്‍ ദുല്‍ഖറിന്റെ ചിത്രം വരച്ചത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.