രഞ്ജിത്ത് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയ താരമാണ് ‘പൃഥ്വിരാജ്’. ‘നന്ദനം’ മുതൽ ‘അയ്യപ്പനും കോശിയും’ വരെയുള്ള പൃഥ്വിരാജിന്റെ സിനിമാജീവിതത്തിനോരം ചേർന്ന് സുഹൃത്തും വഴികാട്ടിയും പ്രചോദനവുമൊക്കെയായി കൂടെയുള്ള സഹോദരതുല്യനായൊരു സാമിപ്യമാണ് പൃഥ്വിയ്ക്ക് രഞ്ജിത്ത്.

രഞ്ജിത്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേരുകയാണ് പൃഥ്വിരാജ് ഇപ്പോൾ. “വഴികാട്ടിയും അധ്യാപകനും സുഹൃത്തും പ്രചോദവുമാകുന്ന രഞ്ജിയേട്ടന് ജന്മദിനാശംസകൾ,” ​എന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്.

 

View this post on Instagram

 

Happy birthday to mentor, teacher, friend and inspiration. Happy birthday #Renjietta

A post shared by Prithviraj Sukumaran (@therealprithvi) on

സിനിമയിൽ ആരും കൊതിക്കുന്ന ഉയരങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞ പൃഥ്വിരാജ് എന്ന നടന്റെ വളർച്ചയെ ഒരു അച്ഛന്റെ സ്നേഹവാത്സല്യങ്ങളോടെയാണ് താൻ നോക്കി കാണുന്നതെന്ന് ഒരിക്കൽ രഞ്ജിത്ത് പറഞ്ഞിരുന്നു. “മലയാള സിനിമയിലെ രാജുവിന്റെ വളർച്ച അച്ഛൻ മകനെ നോക്കിക്കാണുന്നതു പോലെ ഞാൻ കാണുകയാണ്,” എന്നാണ് സ്റ്റാർ ആൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞത്.

ഒരു അവധിക്കാലത്തിന്റെ ബോറടി മാറ്റാൻ അമ്മ മല്ലികാ സുകുമാരൻ പറഞ്ഞിട്ട് രഞ്ജിത്തിനെ കാണാൻ പോയ പൃഥ്വിരാജ് ‘നന്ദനം’ എന്ന ചിത്രത്തിലൂടെ നായകനായി മലയാളസിനിമയിൽ എത്തിയത് ഒരു നിയോഗം പോലെയാണ്. ഒന്ന് അഭിനയിച്ചു നോക്കിയിട്ട്, വെക്കേഷൻ തീരുമ്പോഴേക്കും ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോയി പഠനം തുടരാം എന്നായിരുന്നു രഞ്ജിത്തിനെ കാണാൻ പോകുമ്പോൾ പൃഥ്വിയുടെ പ്ലാൻ. എന്നാൽ രഞ്ജിത്തുമായുള്ള ആ കണ്ടുമുട്ടൽ പൃഥ്വിയെ സംബന്ധിച്ച് ജീവിതത്തിന്റെ ഒരു 360 ഡിഗ്രിയിലുള്ള മാറ്റം തന്നെയായിരുന്നു.

Prithviraj, Ranjith, Siddique

‘നന്ദനം’ ഷൂട്ടിംഗ് വേളയില്‍ പ്രിഥ്വിരാജ്, രഞ്ജിത്, സിദ്ദിക്ക് എന്നിവര്‍

സംവിധായകൻ ഫാസിൽ ആയിരുന്നു ഒരു സിനിമയ്ക്ക് വേണ്ടി ആദ്യം പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്തത്. എന്നാൽ ആ സിനിമ നടക്കാതെ പോയി. ഫാസിലിൽ നിന്നും പൃഥ്വിയെ കുറിച്ച് അറിഞ്ഞ രഞ്ജിത്ത് പിന്നീട് കോഴിക്കോട്ടേക്ക് വിളിപ്പിക്കുകയായിരുന്നു.

“ആദ്യമായി അഭിനയിക്കാനെത്തുന്നവന്റെ ചളിപ്പൊന്നും ഞാൻ അന്നവനിൽ കണ്ടില്ല. മല്ലിക ചേച്ചിയെ വിളിച്ച് ഇളയമകനെ ഒന്നു കാണണമെന്ന ആവശ്യം പറഞ്ഞു. എന്നെക്കാണാൻ അവൻ ട്രെയിനിൽ കോഴിക്കോടെത്തി.ആദ്യക്കാഴ്ചയിൽ തന്നെ എന്റെ മനു ഇവനാണെന്ന് ഞാനുറപ്പിച്ചിരുന്നു. താടി വടിച്ചു കളയരുത് എന്നു നിർദേശിച്ച് ഞാനന്ന് ഇവനെ തിരിച്ചയച്ചു,” പൃഥ്വിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് രഞ്ജിത്ത്.

Prithviraj and Ranjith Featured

Prithviraj and Ranjith Featured

‘നന്ദന’ത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജിനെ തേടി പിന്നീടങ്ങോട്ട് സിനിമകളുടെ ഘോഷയാത്രയായിരുന്നു. മികച്ച കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളസിനിമയിൽ തന്റേതായ ഒരിടം ഉറപ്പിക്കാൻ പൃഥ്വിയ്ക്ക് സാധിച്ചു. 17 വർഷം കൊണ്ട് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച പൃഥ്വിയെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും തേടിയെത്തി. ‘ലൂസിഫർ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വി മലയാളസിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനുകളും തിരുത്തിയെഴുതി. 200 കോടി കളക്റ്റ് ചെയ്യുന്ന ആദ്യമലയാളചിത്രം എന്ന ബഹുമതിയാണ് ‘ലൂസിഫർ’ സ്വന്തമാക്കിയത്. അഭിനേതാവ്, സംവിധായകൻ, ഗായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ പൃഥ്വി ചലച്ചിത്ര നിർമാണരംഗത്തും സജീവമാണ് ഇപ്പോൾ.

തിരക്കഥ, ഇന്ത്യൻ റുപ്പീ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ച രഞ്ജിത്തും പൃഥ്വിരാജും ഏറ്റവും ഒടുവിൽ കൈകോർത്തത് സച്ചി സംവിധാനം ചെയ്യുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. ചിത്രത്തിൽ അച്ഛനും മകനുമായാണ് ഇരുവരുമെത്തിയത്. മുൻപ് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലും ഇരുവരും അച്ഛനും മകനുമായി അഭിനയിച്ചിരുന്നു.

Read more: പന്ത്രണ്ടാം ക്ലാസ്സുകാരൻ പൃഥ്വിരാജ്; താരത്തിന്റെ മുൻകാലചിത്രം വൈറൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook