ഇഷ്ടപ്പെട്ട കഥാപാത്രമായി മാറാനുള്ള കഠിനശ്രമങ്ങളിലാണ് പൃഥ്വിരാജ് ഇപ്പോൾ. ‘ആടുജീവിതം’ എന്ന ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാൻ ശരീരഭാരം കുറച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. 30 കിലോയിൽ അധികം ശരീരഭാരം ഇതിനകം തന്നെ പൃഥ്വിരാജ് കുറച്ചു കഴിഞ്ഞു. പൃഥ്വിയുടെ ഒരു ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നത്. അർദ്ധരാത്രി ഉണർന്നു പോയൊന്നും വിശപ്പുകാരണം ഉറങ്ങാൻ പറ്റില്ലെന്നുമാണ് താരത്തിന്റെ സങ്കടം. കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും പിന്തുടർന്നാണ് പൃഥ്വി ശരീരഭാരം കുറച്ചുകൊണ്ടിരിക്കുന്നത്.

പൃഥ്വിയുടെ ട്വീറ്റ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. താരത്തിന്റെ ആത്മാർപ്പണത്തെ അഭിനന്ദിച്ചുകൊണ്ടാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഒപ്പം രസകരമായ ട്രോളുകളും ഏറ്റുവാങ്ങുകയാണ് താരത്തിന്റെ ട്വീറ്റ്.

വിശന്നാൽ നന്നായി ഉറങ്ങാൻ പറ്റുമെന്നാണ് ഒരു രസികന്റെ ട്വീറ്റ്. ‘ചിത്രം’ സിനിമയിൽ രഞ്ജിനിയും മോഹൻലാലും ഒന്നിച്ചുള്ള ഒരു മെമും കമന്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ‘ഓരോ നാരങ്ങാ വെള്ളം കാച്ചിയാലോ,’ എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് ‘ആടുജീവിതം’. അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആധാരമാക്കിയാണ് ബെന്യാമിന്‍ ഈ നോവലൊരുക്കിയത്.

Read more: പാത്തുവിന്റെ ചെറിയച്ഛൻ ; പൃഥ്വിരാജിനെ കെട്ടിപ്പിടിച്ച് പ്രാർഥന ഇന്ദ്രജിത്

മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ച വെച്ച ‘ബ്ലെസി ടച്ച്’ ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook