സ്വപ്‌നങ്ങളിലേക്ക് പറന്നുയരാന്‍ തൊടുപുഴക്കാരനായ സജി എത്തുകയാണ് ഈ ക്രിസ്‌മസിന്.  പറഞ്ഞുവരുന്നത് പൃഥ്വിരാജിന്‍റെ പുതിയ ചിത്രമായ ‘വിമാന’ത്തെക്കുറിച്ചാണ്.  ഈ വിമാനം പറന്നു തുടങ്ങുന്നത് പ്രദീപ് എം.നായര്‍ എന്ന നവാഗത സംവിധായകന്‍റെ സ്വപ്‌നങ്ങളിലേക്കു കൂടിയാണ്.

ജെ.സി.ഡാനിയേലായും മൊയ്തീനുമായും വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത പൃഥ്വിരാജ് വീണ്ടും ഒരു യാഥാര്‍ത്ഥ കഥാപാത്രമാകുന്നു എന്നതാണ് വിമാനത്തിന്‍റെ പ്രത്യേകത.  ജന്മനാ മൂകനും ബധിരനുമായ സജി എന്ന മനുഷ്യന്‍റെ കഥയാണ് വിമാനം.  ദാരിദ്ര്യം കാരണം സജിക്ക് ഏഴാം ക്ലാസ്സില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നു.  എന്നാല്‍ ജന്മനായുള്ള പരിമിതികള്‍ക്കും പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍ക്കും മുന്നില്‍ തീവ്രമായ ഇച്ഛാശക്തികൊണ്ട് സജി പിടിച്ചു നിന്നു.

vimanam, prithviraj

റബര്‍തോട്ടങ്ങളില്‍ കീടനാശിനിയടിക്കാന്‍ വന്ന ഹെലികോപ്റ്ററുകളെ നോക്കി നിന്നാണ് സജി എന്ന 15 വയസുകാരന്‍ സ്വപ്‌നം കണ്ടു തുടങ്ങിയത്.  കണ്ട സ്വപ്‌നങ്ങളിലെല്ലാം വിമാനങ്ങള്‍ നിറഞ്ഞു.  പിന്നീട് സ്വന്തമായി വിമാനങ്ങള്‍ നിർമിക്കാനുള്ള നിരന്തര പരിശ്രമങ്ങളായിരുന്നു സജിയുടെ ജീവിതത്തില്‍. വിമാന നിർമാണം സംബന്ധിച്ച പുസ്തകങ്ങള്‍ വായിച്ചും പൈലറ്റുമാരുടെ ഉപദേശങ്ങള്‍ തേടിയും സജി ഒടുവില്‍ ആ സ്വപ്‌നം സാക്ഷാത്കരിച്ചു.

പതിനഞ്ചു വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സജി സ്വന്തമായി വിമാനം നിർമിച്ചു പറപ്പിച്ചു.  വിമാനം രൂപകല്‍പന ചെയ്ത ഭിന്നശേഷിയുളള ആദ്യ വ്യക്തി എന്ന നേട്ടവുമായി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും സജി തിളങ്ങി.  ഡിസ്‌കവറി ചാനലില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുന്ന പ്രോഗ്രാമിലും സജി താരമായി. വൈകല്യങ്ങള്‍ മറികടന്ന് ജീവിത വിജയം സ്വന്തമാക്കിയ ഒമ്പത് ഹീറോകളുടെ പട്ടികയിലായിരുന്നു നാല്‍പ്പത്തിയഞ്ചുകാരനായ സജി ഇടംപിടിച്ചത്.

ഇത്തരത്തിലൊരു ഇച്ഛാ ശക്തിതന്നെയാണ് പ്രദീപ് എം.നായരേയും ‘വിമാനം’ എന്ന സിനിമയിലേക്കെത്തിക്കുന്നത്.  11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിന് ഇടവേള നൽകി  ഒടുവില്‍ പ്രദീപ് ആ സ്വപ്‌നത്തിന്‍റെ പുറകേ ഇറങ്ങി. നേരത്തേ സംവിധായകന്‍ ജയരാജിനൊപ്പം ചില സിനിമകളില്‍  സഹായിയായി പ്രവര്‍ത്തിച്ചതും, പഠിക്കുന്ന കാലത്ത് ഹ്രസ്വ ചിത്രങ്ങള്‍ നിർമിച്ചതുമാണ് പ്രവര്‍ത്തി പരിചയം.  പ്രദീപ് സിനിമ പഠിച്ചിട്ടില്ല.  പക്ഷെ ചിന്തയിലും സ്വപ്‌നങ്ങളിലും നിറയെ സിനിമയാണ്.

Pradeep M Nair, Vimanam

പൃഥ്വിയെ കൂടാതെ സുധീര്‍ കരമന, അലന്‍സിയര്‍, പി.ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തിലുണ്ട്.

‘ഒരുപാട് പ്രതീക്ഷകളോടെയാണ് ‘വിമാനം’ റിലീസിനൊരുങ്ങുന്നത്. നല്ലൊരു എന്റര്‍ടെയ്നര്‍ ആകും ചിത്രം എന്ന കാര്യത്തില്‍ ഉറപ്പു പറയുന്നു. ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ചില കഥാപാത്രങ്ങളുണ്ടാകും. അതിലൊന്നായിരിക്കും അലന്‍സിയറിന്റേത്. അദ്ദേഹം ഇതുവരെ ചെയ്ത് റോളുകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ് വിമാനത്തിലേത്.  ആകെ പുതുമയുള്ള ഒരു മേയ്ക്ക് ഓവര്‍.’

ഏറെ നാളത്തെ ഗവേഷണവും പഠനങ്ങളും ചിത്രത്തിന് ആവശ്യമായിരുന്നുവെന്ന് പ്രദീപ് പറയുന്നു. 14 കോടിയിലധികം ചെലവ് വരുന്ന ചിത്രം യഥാര്‍ത്ഥ ജീവിതത്തെ  ആസ്പദമാക്കി നിർമിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മടുപ്പുണ്ടാകാതെ നോക്കേണ്ടതും വലിയ കടമ്പയാണ്. ആ കടമ്പ മറികടക്കാനായെന്ന ഉറച്ച വിശ്വാസം പ്രദീപിനുണ്ട്.

രണ്ട് വിമാനങ്ങളാണ് ഈ ചിത്രത്തിനായി നിർമിച്ചത്. വലിയ തുക ചെലവഴിക്കേണ്ടി വന്നിട്ടുണ്ട് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഈ വിമാനങ്ങള്‍ക്ക് വേണ്ടി.

vimanam, prithviraj

സ്വപ്‌നങ്ങളില്‍ നിറയെ സിനിമയാണെങ്കിലും വിമാനത്തിനു ശേഷം എന്തെന്ന് പ്രദീപിനറിയില്ല.

‘സിനിമ തന്നെയാണ് ഏറ്റവും വലിയ ഇഷ്ടം.  കുറേ നല്ല സിനിമകള്‍ ചെയ്യണമെന്ന് ഏതൊരു നവാഗത സംവിധായകനേയും പോലെ എനിക്കും ആഗ്രഹമുണ്ട്.  പക്ഷെ ഇപ്പോള്‍ എന്‍റെ മുന്നില്‍ വിമാനം മാത്രമാണുള്ളത്. അതിനു ശേഷമേ മറ്റെന്തെങ്കിലും പറയാന്‍ കഴിയൂ.’

സജിയുടെ വിമാനം പറന്നതു പോലെ പ്രദീപിന്‍റെ വിമാനവും സ്വപ്‌നങ്ങളിലേക്ക് ഉയരെ ഉയരെ പറക്കുമെന്ന് പ്രതീക്ഷിക്കാം…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ