scorecardresearch
Latest News

ഒപ്പമുണ്ട്; ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടത്തിനു മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പിന്തുണ

‘ഒപ്പമുണ്ട്,’ എന്ന് കുറിച്ചു കൊണ്ട് നടിയുടെ പോസ്റ്റ് മമ്മൂട്ടിയും ‘ബഹുമാനം,’ എന്നു കുറിച്ചു കൊണ്ട് മോഹൻലാലും നടിയുടെ പോസ്റ്റ് തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വച്ചു

ഒപ്പമുണ്ട്; ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടത്തിനു മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പിന്തുണ

കേരളം കണ്ട ഭീകരമായ അതിക്രമങ്ങളില്‍ ഒന്നാണ് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് മലയാളത്തിലെ ഒരു മുന്‍നിര നടി ആക്രമിക്കപ്പെട്ടത്. അതുമായി ബന്ധപ്പെട്ടു നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കൊണ്ടുള്ള കേസ് പ്രത്യേക കോടതി മുന്‍പാകെ നടന്നു വരികയാണ്. സംഭവം നടന്ന് അഞ്ചു വർഷം പൂർത്തിയാകുമ്പോഴും കേസിന്റെ വിധി വന്നിട്ടില്ല.

ഈ കാലയളവിലെല്ലാം തന്നെ നിശബ്ദമായി നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന നടി ഇന്ന് ആദ്യമായി തന്റെ ശബ്ദം ഉയര്‍ത്തി, തന്റെ യാത്രയില്‍ പങ്കു ചേര്‍ന്നവര്‍ നന്ദി രേഖപ്പെടുത്തി.

“ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദ്ത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി,” അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അടക്കം നിരവധി താരങ്ങൾ നടിക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചു. ‘ഒപ്പമുണ്ട്,’ എന്ന് മമ്മൂട്ടിയും ‘ബഹുമാനം,’ എന്നു കുറിച്ചു കൊണ്ട് മോഹൻലാലും നടിയുടെ പോസ്റ്റ് തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വച്ചു.

ഇവരെ കൂടാതെ യുവ താരങ്ങളായ പാർവതി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, ഐശ്വര്യ ലക്ഷ്മി, റിമ കല്ലിങ്കൽ, പൂർണിമ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, നിമിഷ സജയൻ, ദിവ്യ പ്രഭ, ബാബുരാജ്, അന്ന ബെൻ, സംയുക്ത മേനോൻ, രമ്യ നമ്പീശൻ, രചന നാരായണൻകുട്ടി, ശിൽപ്പ ബാല എന്നിങ്ങനെ സിനിമാരംഗത്തെ വിവിധ തുറകളില്‍ നിന്നും നിരവധി പേര്‍ നടിയുടെ പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് രംഗത്ത് വന്നു.

Read Here: ന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; ദിലീപിനെതിരെ പുതിയ കേസ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj tovino thomas kunchacko boban support survivor in actress attack case

Best of Express