പൃഥ്വിരാജ് സുകുമാരന്‍ എന്ന പേര് മലയാള സിനിമയുടെ ഭാഗമായിട്ട് 15 വര്‍ഷം. അഭിനേതാവ്, നിർമാതാവ്, പിന്നണി ഗായകന്‍ തുടങ്ങിയ എല്ലാ രംഗങ്ങളിലും ഇതിനോടകം നമ്മള്‍ പൃഥ്വിയെ കണ്ടു കഴിഞ്ഞു. മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാൽ നായകനാകുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധായകനായാണ് ഇനി നമ്മൾ പൃഥ്വിയെ കാണുക. 2002ലാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. ആദ്യം അഭിനയിച്ച ചിത്രം രഞ്ജിത്തിന്റെ നന്ദനമായിരുന്നെങ്കിലും, തിയേറ്ററില്‍ ആദ്യം എത്തിയത് രാജസേനന്‍ ചിത്രമായ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’ ആയിരുന്നു.

സിനിമാ കുടുംബത്തില്‍ നിന്നു തന്നെയായിരുന്നു പൃഥ്വിയുടെയും അരങ്ങേറ്റം. അച്ഛന്‍ സുകുമാരനും അമ്മ മല്ലികാ സുകുമാരനും മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കള്‍. പൃഥ്വിയ്ക്കു പിന്നാലെ സഹോദരന്‍ ഇന്ദ്രജിത്തും സിനിമയിലെത്തി.

2006ലാണ് വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിയെ തേടി മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം എത്തുന്നത്. ആ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനും കൂടി അദ്ദേഹം അര്‍ഹനായി. 2013 ല്‍ അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തന്റെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്‌കാരത്തിലൂടെ ഈ അവാര്‍ഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ്. അടുത്തകാലത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ മൊയ്തീൻ എന്ന കഥാപാത്രം പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിരുന്നു.

15 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും, തെലുങ്കിലും, ബോളിവുഡിലും പൃഥ്വിരാജ് തന്റെ സാന്നിദ്ധ്യമറിയിച്ചു. 2005ല്‍ പുറത്തിറങ്ങിയ കനാകണ്ടേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിയുടെ തമിഴ് അരങ്ങേറ്റം. മൊഴി, കാവിയ തലൈവന്‍, രാവണന്‍ എന്നിവയും ശ്രദ്ധിക്കപ്പെട്ടു. തെലുങ്കില്‍ പൊലീസ് പൊലീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2012ല്‍ അയ്യാ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചു. ഔറംഗസേബ്, നാം ഷബാന എന്നീ ഹിന്ദി ചിത്രങ്ങളിലും പൃഥ്വി അഭിനയിച്ചു.

ഏതൊരു വിഷയത്തിലും തന്റെ നിലപാടുകളിലൂടെയും മലയാള സിനിമയിലെ വേറിട്ട ശബ്ദമാണ് പൃഥ്വിരാജിന്റേത്.

Prithviraj Sukumaran

അഭിനയത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ പൃഥ്വിരാജ് പറയുന്നു:

‘എന്റെ ആദ്യചിത്രം തിയേറ്ററുകളിലെത്തിയിട്ട് 15 വര്‍ഷങ്ങളായി! ഉദ്വേഗജനകമായിരുന്നു ആ യാത്ര എന്നു പറഞ്ഞാല്‍ പോലും കുറഞ്ഞുപോകും. കടന്നുപോയ പതിനഞ്ച് വര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മനസു നിറഞ്ഞ നന്ദിയാണ് തോന്നുന്നത്. എടുത്തു പറയാന്‍ ഒരുപാട് പേരുകള്‍ ഉണ്ട്. അതിനാല്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. സർവോപരി പ്രേക്ഷകരാണ് വിലമതിക്കാനാവാത്ത സമ്മാനങ്ങളൊക്കെയും എനിക്ക് തന്നത്. വിജയത്തോടുള്ള ഭയമില്ലായ്മയാണ് അത്! അതെ ‘വിജയം’ എന്നുതന്നെയാണ് ഞാന്‍ പറഞ്ഞത്. ‘പരാജയം’ എന്നല്ല!

ഞാനിതെപ്പോഴും പറയാറുണ്ട്. പരാജയമാണ് നിങ്ങളെ കഠിനാധ്വാനിയാക്കുന്നത്, പുതിയ പരീക്ഷണങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ വിജയം അങ്ങനെയല്ല. അതൊരു കെണിയാണ്! നിങ്ങളെ ഭയപ്പെടുത്തുന്ന ഒന്ന്. ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് വിജയങ്ങള്‍ നിങ്ങളോട് പറയുന്നത്. ആഘോഷങ്ങളിലേക്ക് മാത്രം നിങ്ങളുടെ കണ്ണ് തുറപ്പിക്കും അവ. നഷ്ടപ്പെടാന്‍ ഏറെയുണ്ടെന്ന് പറയും. പക്ഷേ എന്റെ മുന്നിലുള്ളത് നിങ്ങളാണ്. എന്നില്‍നിന്ന് ഓരോ തവണയും പുതുതായും വ്യത്യസ്തമായും എന്തെങ്കിലുമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഓരോ സിനിമയിറങ്ങുമ്പോഴും ഞാന്‍ മനസിലാക്കുന്നു. അതെല്ലാം വിജയത്തിലേക്കെത്താന്‍ എന്നെ പ്രേരിപ്പിക്കുന്നു. എന്നാല്‍ അതൊന്നും എന്നെ ഭയപ്പെടുത്തുന്നില്ല. അതിനാല്‍, ഇത്രനാളും എനിക്കുമുന്നില്‍ വഴികാട്ടിയ സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും അധ്യാപകരോടും.. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് എന്നും ഞാന്‍ കടപ്പെട്ടിരിക്കും. വരുന്ന 15 വര്‍ഷങ്ങളില്‍ ഇതിലും നന്നായി പരിശ്രമിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു..”

സ്നേഹത്തോടെ,
പൃഥ്വി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ