നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് നിര്‍മ്മിക്കും. ഡ്രൈവിങ് ലൈസന്‍സ് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. ‘9’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനു ശേഷം പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്.

സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് പൃഥ്വി തന്നെയാണ്. കാറുകളോട് അടങ്ങാത്ത ഭ്രാന്തുള്ള ഒരു സൂപ്പര്‍സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ‘9’, പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ് സംരംഭം ആയിരുന്നു. സോണി പിക്ചര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്തായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ‘9’ നിര്‍മ്മിച്ചത്.

Read More: അടി, ഇടി, ഡാൻസ്, ബഹളം: പുതിയ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ്

ബ്ലെസ്സിയുടെ പുതിയ ചിത്രമായ ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ജോര്‍ദ്ദാനിലായിരുന്നു ചിത്രീകരണം. ബെന്യാബിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനായ ചിത്രം മികച്ച അഭിപ്രായത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്രോയ് തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്.

Read More: പുതിയ ചിത്രത്തിന്റെ ആശയം പറഞ്ഞ് മുരളി ഗോപി തന്റെ ഉറക്കം കളഞ്ഞെന്ന് പൃഥ്വിരാജ്

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഐമ, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഐമയാണ് പൃഥ്വിയുടെ നായികയായി എത്തുന്നത്.

തന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തുന്നതിനൊപ്പം പൃഥ്വിരാജ് താന്‍ ഈ ചിത്രത്തിലേക്ക് എത്തിയ വഴികളെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു.

‘രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്‌ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറൈലിങ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്‌സ് ഡേ!”, പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook