മലയാള സിനിമയുടെ ‘പവര്‍ കപ്പിള്‍’ ആണ് പൃഥ്വിരാജും സുപ്രിയയും. അഭിനയം, നിര്‍മാണം, സംവിധാനം തുടങ്ങി കൈവച്ച മേഖലകളില്‍ എല്ലാം പ്രതിഭ തെളിയിച്ചവര്‍. പുതിയ സിനിമാ സംരംഭങ്ങളില്‍ അവര്‍ മുന്നേറുന്നത് ആഘോഷിക്കുന്നത് പോലെ തന്നെ ഇവരുടെ സ്വകാര്യജീവിതത്തിലെ സന്തോഷങ്ങളും ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ്. ഇക്കുറി രാത്രി ഉറക്കമൊഴിച്ചിരുന്ന് സുപ്രിയക്കൊപ്പം കണ്ട ഒരു പ്രിയപ്പെട്ട സിനിമയെ കുറിച്ചാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ കുറിയ്ക്കുന്നത്.

ഉർവശിയും കമൽഹാസനും മുഖ്യ വേഷങ്ങളിൽ എത്തിയ മൈക്കിൾ മദന കാമരാജൻ എന്ന ചിത്രത്തെ കുറിച്ചാണ് പൃഥ്വിയുടെ പോസ്റ്റ്. 1990-ല്‍ നാലു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് മൈക്കിള്‍ മദന കാമരജാന്‍ എന്ന സിനിമ പുറത്തിറങ്ങിയത്. ഹാസ്യ രംഗത്തേക്കുള്ള കമൽ ഹാസന്റെ ഒരു കാല്‍വെയ്പു കൂടിയായിരുന്നു ഈ ചിത്രം.

“മൈക്കിൾ മദന കാമരാജനെക്കാൾ നിങ്ങളെ സന്തോഷിപ്പിക്കുന്ന വളരെ കുറച്ച് സിനിമകളേ ഉള്ളൂ. ലോക സിനിമയിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് കമൽഹാസൻ. ഉർവശി ചേച്ചി ഒരു ഒരു ഇതിഹാസവും. എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളിലേക്ക് ഭാര്യയോടൊപ്പം വൈകിയ രാത്രികളിൽ ഒരു തിരിഞ്ഞുനോട്ടം,” എന്ന വാക്കുകളോടെയാണ് പൃഥ്വിയുടെ പോസ്റ്റ്.

Read More: എന്റെ മാത്രം സുന്ദരൻ… പൃഥ്വി‌ക്കൊപ്പമുള്ള പ്രണയ നിമിഷങ്ങൾ പങ്കുവച്ച് സുപ്രിയ

കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനെയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. വിവാഹത്തോടെ ജേർണലിസം എന്ന തന്റെ കരിയർ ഉപേക്ഷിച്ചെങ്കിലും സിനിമാ നിർമാണമേഖലയിൽ സജീവമാണ് സുപ്രിയ.കഴിഞ്ഞ വർഷം ‘9’, ‘ഡ്രൈവിങ് ലൈസൻസ്’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ നിർമിച്ചത്.

ഒരു പഴയ അഭിമുഖത്തിൽ സുപ്രിയ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ പൃഥ്വി, ലോകത്ത് തന്നെ അടുത്തറിയുന്നത് തന്റെ ഭാര്യയ്ക്ക് മാത്രമാണെന്നും പറഞ്ഞിരുന്നു.

“ഞാൻ അധികം സുഹൃത്തുക്കളുള്ള ആളല്ല. സുപ്രിയയാണ് ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ ഏറ്റവും സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി അവളാണ്. എന്റെ എല്ലാ വൾനറബിലിറ്റീസും അറിയാവുന്ന എന്റെ എല്ലാ ദുർബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാൾ അവളാണ്. എന്റെ വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook