മകള്‍ അലംകൃതയുടെ ഫോട്ടോ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ്‌ മകള്‍ക്ക് വേണ്ടിയുള്ള ഒരു ചെറിയ പിടിവലി അവിടെ നടന്നത്. ജനാലയ്ക്കു പുറം തിരിഞ്ഞു നില്‍ക്കുന്ന മകളുടെ ചിത്രത്തിനടിയില്‍ ‘സ്പൈഡര്‍ മാന്‍-സൂപ്പര്‍ ഹീറോ’ എന്നാണു പൃഥ്വി കുറിച്ചത്.

അല്ലി മോളുടെ ചിത്രത്തിന് താഴെ ആരാധകര്‍ സ്നേഹം അറിയിച്ചു തുടങ്ങിയപ്പോഴാണ് ‘മൈ ബേബി’ (എന്‍റെ മകള്‍) എന്ന് പറഞ്ഞ് സുപ്രിയയുടെ വരവ്. അതിന് താഴെ ഉടന്‍ തന്നെ പൃഥ്വിയുടെ മറുപടിയും വന്നു, ‘മൈന്‍’ (എന്റേത്) എന്ന്. ‘ഓ പിന്നേ…’ എന്ന് സുപ്രിയ വീണ്ടും.

‘എന്‍റെ ചെറിയ കുട്ടി’ എന്ന് കുറിച്ച് അവിടെയെത്തിയ നസ്രിയയെ അപ്പോള്‍ തന്നെ പൃഥ്വി കൂട്ട് വിളിച്ചു, “നസ്രീ, നീ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണോ’ എന്ന് ചോദിച്ച്.

‘ആണല്ലോ, വെറുതേ ഒരു കിവി കഴിക്കൂന്നേ’, എന്ന് നസ്രിയ മറുപടി പറഞ്ഞതിന്, ‘എന്‍റെ മകള്‍ ഇങ്ങനെയൊന്നും സംസാരിക്കില്ല’ എന്ന് സുപ്രിയ പറഞ്ഞതോടെ അല്ലിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള സംഭാഷങ്ങള്‍ നിന്നു. അതിന് ശേഷം മറ്റൊരു സുഹൃത്തിനോട്‌ ‘ഇന്ന് രാത്രി ഡിന്നര്‍ സമയത്ത് അലംകൃതയെ നിങ്ങള്‍ നോക്കണം, കാരണം അവളുടെ ദാദയ്ക്കും മമ്മയ്ക്കും കുറച്ചു നേരത്തെ സമാധാനം വേണം’ എന്ന് പൃഥ്വി ആവശ്യപ്പെട്ടു. താന്‍ അത് ചെയ്യാം എന്നും പൃഥ്വി-സുപ്രിയ എന്നിവരെക്കാളും താന്‍ സമയം ചിലവാക്കാന്‍ ഇഷ്ടപ്പെടുന്നത് അല്ലി മോളോടൊപ്പമാണ് എന്നും ലാഡാ സിങ് എന്ന സുഹൃത്ത്‌ മറുപടി പറഞ്ഞു.

പൃഥ്വിയും സുപ്രിയയും ലാഡാ സിംഗ്, സോണി ഇന്ത്യാ മേധാവി വിവേക് കൃഷ്നാനി എന്നിവര്‍ക്കൊപ്പം

പൃഥ്വിരാജിന്‍റെ പുതിയ ചിത്രമായ ‘രണ’ത്തിന്‍റെ സംവിധായകന്‍ നിര്‍മ്മല്‍ സഹദേവും ഈ രസകരമായ സംഭാഷണത്തില്‍ പങ്കു ചേര്‍ന്നിരുന്നു. ‘നിങ്ങള്‍ ഇങ്ങനെ അടി കൂടരുത്’ എന്നും ‘കുട്ടികള്‍ക്കായി ഒരു സൂപ്പര്‍ ഹീറോ ചിത്രം ചെയ്യൂ’, ‘അവന്‍ജേര്‍സ് ഇൻഫിനിറ്റി വാര്‍ എന്ന ചിത്രം വരുമ്പോള്‍ മകളെ കൊണ്ട് പോയി കാണിക്കൂ’ എന്നുമൊക്കെ ആരാധകരുടെ കമന്‍റുകളും അവിടെയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ