നടനും സംവിധായകനുമായ പൃഥ്വിരാജിന്റെയും മാധ്യമപ്രവർത്തകയും നിർമാതാവുമായ സുപ്രിയ മേനോന്റെയും വിവാഹവാർഷികമാണ് ഇന്ന്. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് ഈ ദിനത്തിൽ അകന്നിരിക്കുന്നതെന്ന് ഇരുവരും പറയുന്നു. അകലങ്ങളിലിരുന്ന് ആശംസകൾ കൈമാറുകയാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികൾ. ‘ആടുജീവിത’ത്തിന്റെ ഷൂട്ടിംഗിനായി ജോർദ്ദാനിൽ എത്തിയ പൃഥ്വിരാജ് അവിടെ പെട്ടിരിക്കുകയാണ്. ഷൂട്ടിംഗിനിടെയാണ് ലോകമെമ്പാടും കൊറോണ വ്യാപിക്കുന്നതും ജോർദ്ദാനിൽ കർഫ്യൂ പ്രഖ്യാപിക്കുന്നതും. സ്ഥിതിഗതികൾ സാധാരണനിലയിലാവാതെ നാട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്ന അവസ്ഥയിലാണ് പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും സംഘവും.

ഒമ്പതു വർഷത്തിനിടെ ആദ്യമായാണ് നമ്മളിങ്ങനെ വിവാഹവാർഷികമാഘോഷിക്കുന്നത്. മറ്റെന്ത് ചെയ്യാനാവും നമുക്കെന്നാണ് സുപ്രിയ പൃഥ്വിയ്ക്കുള്ള ആശംസയിൽ പറയുന്നത്.

2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിനു വേണ്ടിയാണ് ആദ്യമായി പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. പിന്നീട് അതൊരു നല്ല സൗഹൃദത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. അലംകൃത എന്നൊരു മകളും ഈ ദമ്പതികൾക്ക് ഉണ്ട്.

“ഞാൻ അധികം സുഹൃത്തുക്കളുള്ള ആളല്ല. സുപ്രിയയാണ് ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ ഏറ്റവും സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി അവളാണ്. എന്റെ എല്ലാ വൾനറബിലിറ്റീസും അറിയാവുന്ന എന്റെ എല്ലാ ദുർബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാൾ അവളാണ്. എന്റെ വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ,” ഒരു അഭിമുഖത്തിനിടെ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.

Read more: ആയിരം കാതം അകലെയാണെങ്കിലും കാന്തം പോൽ നാം അടുത്ത്; പൃഥ്വിയെ ഓർത്ത് സുപ്രിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook