സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരും പലപ്പോഴും കമന്റുകളിലൂടെ പ്രേക്ഷകരുമായി സംവദിക്കാറുമുണ്ട്. സുപ്രിയയുടെ പിറന്നാളായിരുന്നു ഇന്നലെ. പതിവുപോലെ, സുപ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. തൊട്ടുപിറകെ സുപ്രിയയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പൃഥ്വിയുടെ ആരാധകരും രംഗത്തെത്തി.

പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൃഥ്വിയ്ക്കൊപ്പം ബൈക്കിൽ ചുറ്റിയടിക്കുന്നതിനിടയിൽ പകർത്തിയ ഒരു സെൽഫിയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. അല്ലി മോളേ കൂട്ടാതെ രണ്ടാളും എങ്ങോട്ടാ? രണ്ടാളും കൂടി ആടി സെയിലിനു പോവുകയാണോ തുടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

“നിങ്ങളുടെ ഊഷ്മളമായ പിറന്നാൾ ആശംസകൾക്ക് നന്ദി. എല്ലാവർക്കും വ്യക്തിപരമായി മറുപടി നൽകാൻ കഴിഞ്ഞില്ല, എന്നാൽ എല്ലാ സന്ദേശങ്ങളും ഞാൻ വായിച്ചു. മനോഹരമായൊരു ജന്മദിനമായിരുന്നു ഇന്നലെ. നിങ്ങളുടെ സ്നേഹവും വാത്സല്യവും എന്നെ അതിശയിപ്പിക്കുകയും വിനയാന്വിതയാക്കുകയും ചെയ്യുന്നു,” ഇൻസ്റ്റഗ്രാം സന്ദേശത്തിൽ സുപ്രിയ കുറിച്ചു.

കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള മകളുമുണ്ട് ഇവര്‍ക്ക്.

തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനേയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ. “തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടു കൊണ്ടിരിക്കുകയാണ് ‘തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്‌തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടു പേര്‍ക്കും ഇഷ്‌ടമുള്ള പുസ്‌തകം അയന്‍ റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു.”

പുസ്‌തകങ്ങളെയും സിനിമയെയും പറ്റിയുള്ള ഇരുവരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് തുടങ്ങിയ സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നതും മറ്റൊരു പുസ്‌തകമാണ്. ആ സമയത്ത് വായിച്ചു കൊണ്ടിരുന്ന ‘ശാന്താറാം’ എന്ന ഗ്രിഗറി ഡേവിഡ്‌ റോബര്‍ട്ട്‌സ് പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വർണനയില്‍ മയങ്ങിയ പൃഥ്വിരാജ് ആ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അവിടേയ്‌ക്ക് പൃഥ്വിരാജിനെ കൊണ്ട് പോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ ഏല്‍ക്കുകയും ചെയ്‌തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ ‘ഹാജി അലി’, ലിയോപോള്‍ഡ്‌’ കഫെ’ എന്നിവ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് പിന്നീട് വെളിപ്പെടുത്തിയത്.

Read more: ഏറ്റവും അടുത്ത കൂട്ടുകാരി: സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു പൃഥ്വിരാജ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook