ഇന്നലെയായിരുന്നു നടൻ പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും പതിനൊന്നാം വിവാഹവാർഷികം. ആടുജീവിതം ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് സ്ഥലത്തില്ലാത്തതിനാൽ വിവാഹവാർഷിക ആഘോഷങ്ങൾ പിന്നേക്ക് മാറ്റിവച്ചിരിക്കുകയാണ് സുപ്രിയയും പൃഥ്വിയും. അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷിക ദിനത്തിൽ മകൾ അലംകൃത എന്ന അല്ലി ഇരുവർക്കും നൽകിയ ആശംസ കാർഡാണ് ശ്രദ്ധ കവരുന്നത്.
സുപ്രിയയാണ് മകളൊരുക്കിയ ആശംസ കാർഡിന്റെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ‘ആനിവേഴ്സറിയുടെ സ്പെല്ലിംഗ് തെറ്റാണെങ്കിലും സെന്റിമെന്റ് കറക്റ്റാണ്,’ എന്നാണ് കാർഡ് പങ്കുവച്ചുകൊണ്ട് സുപ്രിയ കുറിക്കുന്നത്.
“11-ാം വാർഷിക ആശംസകൾ പി! നിങ്ങൾ വീണ്ടും ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് പോയിക്കഴിഞ്ഞു, 11 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ പ്രത്യേക ദിനത്തിൽ നമ്മൾ വേർപിരിയുന്നത്! ആടുജീവിതം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതുകഴിഞ്ഞ് നമുക്ക് ആഘോഷിക്കാം! ഉടനെ തിരിച്ചു വരൂ!!,” എന്നാണ് സുപ്രിയ ഇന്നലെ കുറിച്ചത്.
2011 എപ്രില്‍ 25 നായിരുന്നു മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിക്കുന്നത്. 2014 നായിരുന്നു മകൾ അലംകൃതയുടെ ജനനം. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്നും സുപ്രിയയുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറാറുണ്ട്.
പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടു കൊണ്ടുപോവുന്നതും സുപ്രിയയാണ്.