മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ പിറന്നാളാണിന്ന്. സിനിമാരംഗത്തെത്തി 15 വര്‍ഷം കഴിയുന്നു എന്നൊരു പ്രത്യേകതയും പൃഥ്വിയുടെ ഈ പിറന്നാളിനുണ്ട്. ഏതൊരു വിഷയത്തിലും തന്റെ നിലപാടുകളിലൂടെയും മലയാള സിനിമയിലെ വേറിട്ട ശബ്ദമാണ് പൃഥ്വിരാജിന്റേത്. പൃഥിക്ക് ആശംസകളുമായി യുവനടനും പൃഥ്വിയുടെ ജ്യേഷ്ഠനുമായ ഇന്ദ്രജിത്ത്, ഇരുവരുമൊന്നിച്ചുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

അഭിനേതാവ്, നിര്‍മാതാവ്, പിന്നണി ഗായകന്‍ തുടങ്ങിയ എല്ലാ രംഗങ്ങളിലും ഇതിനോടകം നമ്മള്‍ പൃഥ്വിയെ കണ്ടു കഴിഞ്ഞു. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായാണ് ഇനി നമ്മള്‍ പൃഥ്വിയെ കാണുക. 2002ലാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. ആദ്യം അഭിനയിച്ച ചിത്രം രഞ്ജിത്തിന്റെ നന്ദനമായിരുന്നെങ്കിലും, തിയേറ്ററില്‍ ആദ്യം എത്തിയത് രാജസേനന്‍ ചിത്രമായ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’ ആയിരുന്നു.

സിനിമാ കുടുംബത്തില്‍ നിന്നു തന്നെയായിരുന്നു പൃഥ്വിയുടെയും അരങ്ങേറ്റം. അച്ഛന്‍ സുകുമാരനും അമ്മ മല്ലികാ സുകുമാരനും മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കള്‍. പൃഥ്വിയ്ക്കു പിന്നാലെ സഹോദരന്‍ ഇന്ദ്രജിത്തും സിനിമയിലെത്തി.

Prithviraj

2006ലാണ് വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിയെ തേടി മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം എത്തുന്നത്. ആ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനും കൂടി അദ്ദേഹം അര്‍ഹനായി. 2013 ല്‍ അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തന്റെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്‌കാരത്തിലൂടെ ഈ അവാര്‍ഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ്. അടുത്തകാലത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ മൊയ്തീന്‍ എന്ന കഥാപാത്രം പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു.

മലയാളത്തില്‍ മാത്രമല്ല, തമിഴിലും, തെലുങ്കിലും, ബോളിവുഡിലും പൃഥ്വിരാജ് തന്റെ സാന്നിദ്ധ്യമറിയിച്ചു. 2005ല്‍ പുറത്തിറങ്ങിയ കനാകണ്ടേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിയുടെ തമിഴ് അരങ്ങേറ്റം. മൊഴി, കാവിയ തലൈവന്‍, രാവണന്‍ എന്നിവയും ശ്രദ്ധിക്കപ്പെട്ടു. തെലുങ്കില്‍ പൊലീസ് പൊലീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2012ല്‍ അയ്യാ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചു. ഔറംഗസേബ്, നാം ഷബാന എന്നീ ഹിന്ദി ചിത്രങ്ങളിലും പൃഥ്വി അഭിനയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ