കൊച്ചി: മലയാള സിനിമയിൽ തന്നെ കേട്ടുകേൾവിയില്ലാത്ത ഓഫറാണ് നടൻ പൃഥ്വിരാജ് ക്രിസ്‌മസ് ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ക്രിസ്‌മസ് ചിത്രം വിമാനം മികച്ച അഭിപ്രായവുമായി ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ആരാധകരെയും സിനിമ ലോകത്തെയും ഞെട്ടിച്ചുകൊണ്ടുള്ള ഓഫർ പ്രഖ്യാപിച്ചത്.

“ക്രിസ്‌മസ് ദിനത്തിൽ കേരളത്തിൽ വിമാനം സിനിമ പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററിലും വൈകുന്നേരം വരെയുള്ള എല്ലാ ഷോയും സൗജന്യം” ആണെന്നാണ് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. ഫെയ്സ്ബുക്ക് പേജിൽ നൽകിയ ലൈവ് വീഡിയോയിലാണ് പൃഥ്വിരാജിന്റെ പ്രഖ്യാപനം.

ജന്മനാ മൂകനും ബധിരനുമായ സജി എന്ന മനുഷ്യന്റെ കഥയാണ് വിമാനം. സജിയുടെ ആഗ്രഹപ്രകാരമാണ് സിനിമ ക്രിസ്മസിന് സൗജന്യമായി പ്രദർശിപ്പിക്കുന്നത്. തന്റെ സുഹൃത്തുക്കൾക്ക് സിനിമ കാണാൻ അവസരം ഒരുക്കണമെന്ന സജിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.

ക്രിസ്മസ് ദിനത്തിൽ അവസാന രണ്ട് ഷോകളിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവനായും സജിക്ക് നൽകുമെന്നും നടൻ പ്രഖ്യാപിച്ചു.

സജി ബധിരനും മൂകനുമാണെങ്കിലും, വിമാനം സിനിമയിൽ പൃഥ്വിയുടെ സജിയെന്ന കഥാപാത്രത്തിന് സംസാരിക്കാൻ കഴിയും. ദാരിദ്ര്യം കാരണം ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വരുന്ന സജി, ജന്മനായുള്ള പരിമിതികള്‍ക്കും പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍ക്കും മുന്നില്‍ തീവ്രമായ ഇച്ഛാശക്തികൊണ്ട് പിടിച്ചു നിൽക്കുകയായിരുന്നു. നവാഗതനായ പ്രദീപ് നായരാണ് സിനിമ സംവിധാനം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ