അച്ഛനെ പോലെ മകനും. അന്തരിച്ച നടൻ സുകുമാരനും മകൻ പൃഥ്വിരാജും തമ്മിലുള്ള മാനറിസത്തിലെ ഒരു സാമ്യം ചൂണ്ടികാണിക്കുകയാണ് സുപ്രിയ. സംസാരിക്കുന്നതിനിടയിൽ കൈ ചെവിയിൽ സ്പർശിക്കുന്ന അച്ഛന്റെ മാനറിസം പിൻതുടരുകയാണ് പൃഥ്വിയും. വിവിധ അവസരങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ ഇതേ രീതി പൃഥ്വി പിൻതുടർന്നതായി കാണാം.

‘ആടുജീവിത’ത്തിന്റെ ഷൂട്ടിംഗിനായി ജോർദ്ദാനിൽ പോയ പൃഥ്വിയെ മിസ് ചെയ്യുന്നു എന്നും സുപ്രിയ പോസ്റ്റിൽ പറയുന്നു.

‘ആടുജീവിതം’ എന്ന ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു കുറച്ചു മാസങ്ങളായി പൃഥ്വി. സിനിമയിൽ നിന്നും താൽക്കാലികമായ ബ്രേക്ക് എടുത്ത താരം ചിത്രത്തിലെ കഥാപാത്രമായി മാറാനായി ശരീരഭാരം കുറക്കുകയായിരുന്നു. 30 കിലോയിൽ അധികം ശരീരഭാരമാണ് കഥാപാത്രത്തിനായി പൃഥ്വി കുറച്ചത്.

ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് ‘ആടുജീവിതം’. അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആധാരമാക്കിയാണ് ബെന്യാമിന്‍ ഈ നോവലൊരുക്കിയത്.

മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ച വെച്ച ‘ബ്ലെസി ടച്ച്’ ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook