പതിനൊന്ന് വർഷങ്ങൾക്കു മുൻപായിരുന്നു നടനും സംവിധായകനുമായ പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും വിവാഹം. ആരാധകരെയും പ്രേക്ഷകരെയും എല്ലാം ഞെട്ടിച്ചുകൊണ്ട് സർപ്രൈസ് ആയിട്ടായിരുന്നു വിവാഹ ചിത്രങ്ങൾ പുറത്തുവന്നത്. പാലക്കാട് വച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ലളിതസുന്ദരമായ ആ വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
പാലക്കാട് തേന്കുറുശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 45 പേര് മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തതെന്നും പിന്നീട് മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.
“ബെസ്റ്റ് ഫ്രണ്ട്, സോള്‍ മേറ്റ്, ഭാര്യ എന്നിവ മൂന്നും ഒത്തുകിട്ടുക എന്നത് ഒരുപാട് പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമല്ല. ലോകം മുഴുവൻ ആഹ്ളാദിക്കുമ്പോൾ നമ്മള് ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്, ലോകം മുഴുവൻ നമ്മളെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതായി തോന്നിയപ്പോൾ കൈകോർത്തിട്ടുമുണ്ട്. എന്റെ പൊന്നുമോളുടെ അമ്മ, എന്നെ ചേര്‍ത്ത്പിടിക്കുന്ന കരുത്ത്, എന്നെ സഹിക്കുന്നതിനു ഈ സ്ത്രീയ്ക്ക് ഒരു മെഡല്‍ കൊടുക്കേണ്ടതുണ്ട്! ഐ ലവ് യു സുപ്സ്!” എന്നാണ് കഴിഞ്ഞുപോയ വിവാഹ വാർഷികങ്ങളിലൊന്നിൽ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു.
മലയാള സിനിമയിലെ പവർ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്.