പൃഥ്വിരാജ് കൊട്ട മധുവെന്ന ഗ്യാങ്സ്റ്റർ നേതാവായി എത്തിയ ‘കാപ്പ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതേസമയം, സിനിമ തിരക്കുകളിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് പൃഥ്വിരാജ്. ഭാര്യ സുപ്രിയയ്ക്ക് ഒപ്പം തുർക്കിയിലാണ് പൃഥ്വിരാജ്. തുർക്കിയിലെ ടോപ്കാപി പാലസ് മ്യൂസിയത്തിനു മുന്നിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് സുപ്രിയ.
“കൊട്ട മധു തന്റെ തിരക്കേറിയ വർഷത്തിൽ നിന്നും ഒടുവിൽ ഇടവേള എടുക്കുന്നു,” എന്നാണ് ചിത്രം ഷെയർ ചെയ്ത് സുപ്രിയ കുറിച്ചത്. വർഷാന്ത്യത്തിൽ കുടുംബത്തോടൊപ്പം യാത്ര പോവാൻ എപ്പോഴും സമയം നീക്കി വയ്ക്കുന്ന താരമാണ് പൃഥ്വിരാജ്.


മലയാള സിനിമയിലെ ‘പവര്‍ഫുള്‍ കപ്പിള്‍’ ആണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണരംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാപ്പ’യാണ് പൃഥ്വിരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനി ഈ വർഷം വൻ നേട്ടങ്ങളാണ് കൊയ്തത്. ‘കെ ജി എഫ് 2’, ‘കാന്താര’ എന്ന ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ കമ്പനി തിയേറ്ററിലെത്തിക്കുകയുണ്ടായി. ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്.