“സര്‍, ഞാന്‍ നിങ്ങളുടെ ഒരു വലിയ ഫാന്‍ ആണ്. എന്നെങ്കിലും ഒരു ദിവസം നിങ്ങള്‍ അത് കാണും എന്ന പ്രതീക്ഷയിലാണ് ഞാന്‍ ഡബ്ബ് വീഡിയോസ് ചെയ്യുന്നത്. എന്‍റെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങള്‍ കണ്ടാല്‍ അതില്‍പ്പരം ഒരു അഭിമാനം എനിക്കുണ്ടാകാനില്ല. ഒരു തവണ രാജുവേട്ടാ പ്ലീസ്‌”.

നടന്‍ പൃഥിരാജിന്‍റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് താഴെ വിഷ്ണു ദേവ എന്ന ആരാധകന്‍ കുറിച്ചിട്ട വാക്കുകളാണിവ. അല്‍പസമയത്തിനുള്ളിൽതന്നെ തന്‍റെ പുതിയ ചിത്രമായ ‘9’ന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മണാലിയിലുള്ള പൃഥിരാജിന്‍റെ മറുപടിയും എത്തി.

Prithviraj Reply to Fan 3

“ഒന്നല്ല, നിങ്ങള്‍ ചെയ്ത പല വീഡിയോകളും കണ്ടിട്ടുണ്ട് ഞാന്‍. നിങ്ങളുടെ സമര്‍പ്പണ മനോഭാവം എനിക്ക് കിട്ടുന്ന വലിയ പ്രശംസയായി കാണുന്നു. നിങ്ങളെപ്പോലെ ഒരു ആരാധകന്‍ ഉള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചെയ്യുന്നത് തുടര്‍ന്നും ചെയ്യൂ, നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഒരു നാള്‍ നിങ്ങള്‍ക്ക് കിട്ടട്ടെ എന്നാശംസിക്കുന്നു. ഉടന്‍ തന്നെ നേരില്‍ കാണാന്‍ കഴിയും എന്ന പ്രതീക്ഷയോടെ, ചിയേര്‍സ് സുഹൃത്തേ!”, എന്നാണ് വിഷ്ണുവിന്‍റെ മനം കുളിര്‍പ്പിച്ചു കൊണ്ടുള്ള പൃഥിരാജിന്‍റെ മറുപടി.

“പൃഥി പറഞ്ഞത് പോലെ ഞങ്ങള്‍ നിങ്ങളുടെ ധാരാളം വീഡിയോകള്‍ കണ്ടിട്ടുണ്ട്. താങ്ങളുടെ ഭാവി പരിപാടികള്‍ല്ലാം ഞങ്ങളുടെ ആശംസകള്‍” എന്ന് പറഞ്ഞ് പൃഥിരാജിന്‍റെ ഭാര്യ സുപ്രിയയും രംഗത്തെത്തിയതോടെ വിഷ്ണു ദേവിന്‍റെ സന്തോഷത്തിന് അതിരുകളില്ലാതായി.

Prithviraj Reply to Fan 4

“മതിയേട്ടാ, ഇതില്‍ കൂടുതല്‍ ഇനി എനിക്ക് ഒന്നും വേണ്ട… എന്‍റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞിരിക്കുകയാണ്, കൈകള്‍ വിറയ്ക്കുന്നു. വാക്കുകള്‍ കിട്ടുന്നില്ല. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, എന്നും നിങ്ങളുടെ നമ്പര്‍ 1 ഫാന്‍ ആയിരിക്കും ഞാന്‍”, എന്ന് വിഷ്ണുവും പൃഥിയോട് പറഞ്ഞു.

ധനുഷ്, ദിലീപ്, വിജയ്‌ തുടങ്ങിയ പല താരങ്ങളുടെയും ഡബ്ബ്‌ വീഡിയോകള്‍ വിഷ്ണു ദേവ് എന്ന ചെറുപ്പക്കാരന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. കൂട്ടത്തില്‍ താന്‍ ഏറെ ആരാധിക്കുന്ന പൃഥിരാജിന്‍റെ വീഡിയോകളോടാണ് വിഷ്ണുവിനു ആഭിമുഖ്യം എന്ന് പത്തോളം വരുന്ന പൃഥിരാജ് വീഡിയോകളില്‍ നിന്നും മനസിലാക്കാം.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം ‘9’ലാണ് പൃഥിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. നിത്യാ മോനോനും പാര്‍വ്വതിയും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജനാണ്.

പൃഥ്വിരാജും സുപ്രിയയും ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിക്ക് സാരഥ്യം വഹിക്കുന്നത്. ഈ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഒപ്പമാണ് രാജ്യാന്തരനിര്‍മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സ് കൈകോര്‍ത്തത്. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇത് സുപ്രധാനമായ ഒരു സംഭവമാണെന്ന് സോണിയുമായുള്ള കൂട്ടുകേട്ട് അറിയിക്കുന്ന വേളയില്‍ പൃഥിരാജ് പറഞ്ഞിരുന്നു.

ഇത് കൂടാതെ മോഹലാലിനെ നായകനാക്കിക്കൊണ്ട് പൃഥിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫറി’ന്‍റെ പ്രീ പ്രൊഡക്ഷന്‍ പണികളിലുമാണ് പൃഥിരാജ്.

ചിത്രങ്ങള്‍/വീഡിയോ: വിഷ്ണു ദേവ്/ഇന്‍സ്റ്റാഗ്രാം

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ